ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ക്കെതിരെ നിയമപോരാട്ടത്തിന് വാട്‌സാപ്. ബുധനാഴ്ച മുതല്‍ നിലവില്‍ വരുന്ന പുതിയ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ വാട്‌സാപ് ഹര്‍ജി ഫയല്‍ ചെയ്തു. ഭരണഘടന ഉപയോക്താക്കള്‍ക്ക് ഉറപ്പു നല്‍കുന്ന സ്വകാര്യതാ അവകാശങ്ങളെ ലംഘിക്കുന്നതാണ് പുതിയ ചട്ടങ്ങളെന്ന് കമ്പനി ഹര്‍ജിയില്‍ പറയുന്നു.
സ്വകാര്യത ഉറപ്പാക്കുന്ന 2017ലെ സുപ്രീംകോടതി വിധിയും വാട്‌സാപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാട്‌സാപ് വഴി അയയ്ക്കുന്ന സന്ദേശങ്ങളുടെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ പുറത്തുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതാണ് പുതിയ നിയമമെന്നും അതു പ്രായോഗികമല്ലെന്നും ഫെയ്‌സ്ബുക് ഉടമസ്ഥതയിലുള്ള കമ്പനി പറയുന്നു. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഈ നിയമം പാലിക്കാനാവില്ല. കൂടാതെ ഇത് ഉപയോക്താക്കളുടെ സ്വകാര്യത ഇല്ലാതാക്കുമെന്നും ഇന്ത്യയില്‍ 400 മില്യൻ ഉപയോക്താക്കളുള്ള വാട്സാപ് അറിയിച്ചു.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ചത് വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കി. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന നിയമപരമായ അപേക്ഷകളോട് അനുകൂലമായി പ്രതികരിക്കുമെന്നും വാട്‌സാപ് അധികൃതര്‍ അറിയിച്ചു.
ഫെയ്‌സ്ബുക്, വാട്‌സാപ്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് പുതിയ നിയമം നടപ്പാക്കാന്‍ മൂന്നു മാസത്തെ സമയമാണ് കേന്ദ്രം അനുവദിച്ചിരുന്നത്. നിയമം നടപ്പാക്കാനായി ഇന്ത്യയില്‍ ഓഫിസറെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും നിയമപരമായി ഉത്തരവുണ്ടെങ്കില്‍ 36 മണിക്കൂറിനുള്ളില്‍ ഉള്ളടക്കം നീക്കം ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു. പ്രകോപനപരമായ ഉള്ളടക്കം നീക്കാന്‍ ഓട്ടമേറ്റഡ് സംവിധാനം സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്.
നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉള്ളടക്കം സംബന്ധിച്ചുള്ള നിയമനടപടികളില്‍ പരിരക്ഷ അവകാശപ്പെടാനാവില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഫെയ്‌സ്ബുക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.‘കോണ്‍ഗ്രസ് ടൂള്‍കിറ്റ്’ ട്വീറ്റ് വിവാദത്തില്‍ കേന്ദ്രത്തിന്റെ നോട്ടപ്പുള്ളികളായ ട്വിറ്റര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.