വര്‍ഗീയ തിമിരം ബാധിച്ച പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കണം; മഅദ്‌നി

0
277

കോഴിക്കോട്: ലക്ഷദ്വീപിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ഏതുവിധേനയും തടയണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി. വിഷയത്തില്‍ മതേതരശക്തികള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വര്‍ഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തു നിന്ന് ഉടന്‍ മാറ്റി ലക്ഷദ്വീപ് ജനതയെ രക്ഷിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ മതേതര ശക്തികളും അടിയന്തര ഇടപെടല്‍ നടത്തണം’, മഅ്ദനി പറഞ്ഞു.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.

ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ എം.പി എളമരം കരീം, നടന്‍ പൃഥ്വിരാജ്, നടി റിമ കല്ലിങ്കല്‍, ഫുട്ബോള്‍ താരം സി. കെ വിനീത് തുടങ്ങി നിരവധി പേരാണ് ലക്ഷദ്വീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here