നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.
തിരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് വിജയിക്കുമായിരുന്നെന്നും രണ്ടിടത്തും മത്സരിക്കേണ്ടെന്നായിരുന്നു വ്യക്തിപരമായ തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്ര നേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ശക്തമായ വർഗീയ ധ്രുവീകരണമാണ് തിരഞ്ഞെടുപ്പിൽ നടന്നതെന്നും കൽപ്പറ്റയിലെ മുസ്ലിം വിഭാഗക്കാരായ പാർട്ടിക്കാർ സിദ്ദീഖിന് വോട്ട് ചെയ്തെന്നും സുരേന്ദ്രൻ പറഞ്ഞു.
2016 നെ അപേക്ഷിച്ച് ഇക്കുറി എൻഡിഎയ്ക്ക് വോട്ട് കുറഞ്ഞു. ഘടകകക്ഷികൾ ശക്തമായി ഉണ്ടായിരുന്നില്ല എന്നതും തിരിച്ചടിയായി. 40 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് നഷ്ടപ്പെട്ടെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.