ന്യൂഡൽഹി: 200 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ ഫലസ്തീന് പിന്തുണയുമായി ഇന്ത്യ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിൽ. ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച സംഭവവികാസങ്ങൾ നിയന്ത്രണാതീതമായി മാറിയതായും കൂടുതൽ വഷളാകുംമുമ്പ് ഇരു വിഭാഗവും സംഘർഷം അവസാനിപ്പിക്കണമെന്നും യു.എന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ്. തിരുമൂർത്തി ആവശ്യപ്പെട്ടു.
”ഇരു വിഭാഗങ്ങളും ആത്മ നിയന്ത്രണം പാലിച്ച് ആക്രമണത്തിൽനിന്ന് വിട്ടുനിൽക്കണം. ജറൂസലമിലും പരിസരങ്ങളിലും തത്സ്ഥിതി തുടരണം. ദ്വിരാഷ്ട്ര പരിഹാരത്തിന് ഇന്ത്യ പ്രതിബദ്ധമാണ്”- അദ്ദേഹം പറഞ്ഞു.
രാജ്യാന്തര സമൂഹം പ്രശ്ന പരിഹാരത്തിന് നടത്തുന്ന ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ അറിയിച്ചു. ‘പുതിയ സംഘർഷം ഇസ്രായേലിനും ഫലസ്തീനുമിടയിൽ അടിയന്തരമായി ചർച്ച പുനരാരംഭിക്കണമെന്ന ആവശ്യം അടിവരയിടുന്നു. നേരിട്ട്, അർഥപൂർണമായ ചർച്ചയില്ലാത്തത് പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. ഭാവിയിലും സംഘട്ടനങ്ങൾക്കേ ഇത് വഴിവെക്കൂ”- തിരുമൂർത്തി പറഞ്ഞു.
അടുത്തിടെ നടന്ന രണ്ട് സുരക്ഷ കൗൺസിൽ യോഗങ്ങളിലും ജറൂസലം അതിക്രമങ്ങളെ കുറിച്ചും ശൈഖ് ജർറാഹ് കുടിയൊഴിപ്പിക്കലിലും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.
ഗസ്സയിൽനിന്ന് റോക്കറ്റാക്രമണവും ഇസ്രായേലി ആക്രമണവും അവസാനിപ്പിക്കണമെന്നും ഇവ കടുത്ത ദുരിതമാണ് വിതക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ ഒരാഴ്ചയായി തുടരുന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 200ഓളം പേരാണ് കൊല്ലപ്പെട്ടത്. 58 കുട്ടികളും 34 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ പൈശാചികതക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.