റിയാദ്: കൊവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും കഴിയും വിധം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിലക്ക് നീങ്ങുന്നതോടെ ആളുകൾക്ക് വിദേശയാത്ര നടത്താനും രാജ്യത്തേക്ക് തിരിച്ചുവരാനും സാധിക്കും. ആരോഗ്യ അധികൃതരുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ കൊവിഡ് കുത്തിവെപ്പ് മുഴുവൻ ഡോസ് എടുത്തവർക്കും ഒരു ഡോസ് എടുത്തു 14 ദിവസം കഴിഞ്ഞവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറ് മാസം കഴിഞ്ഞവർക്കുമാണ് യാത്രക്ക് അനുമതിയുണ്ടാകുക. തവക്കൽനാ ആപ്ലിക്കേഷനിലൂടെയായിരിക്കും തീയതി പരിശോധിക്കുക.
18 വയസ്സിനു താഴെയുള്ള പൗരന്മാർക്ക് യാത്രക്ക് മുമ്പ് സെൻട്രൽ ബാങ്ക് അംഗീകരിച്ച കോവിഡ് ചികിത്സ ഇൻഷുറൻസ് പോളിസി സമർപ്പിക്കേണ്ടതുണ്ട്. രാജ്യത്തിനു പുറത്ത് കോവിഡ് ചികിത്സ കവറേജ് ഉൾക്കൊള്ളുന്നതായിരിക്കണം പോളിസിയെന്നും അതോറിറ്റി പറഞ്ഞു. യാത്രക്കാരായ മുഴുവനാളുകളും ലക്ഷ്യസ്ഥാനമായ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ പൂർത്തിയാക്കിയിരിക്കണമെന്ന് അതോറിറ്റി ഉണർത്തി. യാത്രക്കിടയിൽ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഒഴിവാക്കാനും സുരക്ഷിതവും ആരോഗ്യകരവുമായ യാത്രക്ക് നിശ്ചയിച്ച നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.