മെട്രോമാനെ മലര്‍ത്തിയടിച്ച ഷാഫി, നേമത്തെ വെല്ലുവിളി ഏറ്റെടുത്ത മുരളീധരന്‍; പരാജയത്തിനിടയിലും കോണ്‍ഗ്രസില്‍ കൈയ്യടി നേടുന്ന രണ്ടു പേര്‍

0
567

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് വലിയ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി വിജയിച്ചിരിക്കുകയാണ്. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായതുമില്ല. സംസ്ഥാന വ്യാപകമായി യു.ഡി.എഫിന് വലിയ പരാജയം സംഭവിച്ചപ്പോഴും ബി.ജെ.പിക്കെതിരെ ശക്തമായ പ്രകടനം കാഴ്ചവെച്ച് താരങ്ങളായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. ബി.ജെ.പി വിജയം പ്രതീക്ഷിച്ച നേമം, പാലക്കാട് മണ്ഡലങ്ങളില്‍  മത്സരിച്ച കെ. മുരളീധരനും ഷാഫി പറമ്പിലുമാണ് ഇപ്പോള്‍ പ്രശംസിക്കപ്പെടുന്നത്.

ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടി ആയിരുന്ന ഇ. ശ്രീധരന്‍ തുടക്കത്തില്‍ 7000 വോട്ടുകള്‍ക്ക്  ലീഡ് ചെയ്ത  പാലക്കാട് മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് ഷാഫി പറമ്പില്‍ അവസാനം വിജയത്തിലേക്കെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു പാലക്കാട് ഷാഫിയുടെ വിജയം.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി  ഇ. ശ്രീധരന് പിന്നീടങ്ങോട്ട് ലീഡ് നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടത്.  3840 വോട്ടുകളുടെ ലീഡാണ് ഷാഫിക്ക് ലഭിച്ചത്. ബി.ജെ.പി കനത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തിയ ഒമ്പത് മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്.
ബി.ജെ.പിയുടെ ഏക സിറ്റിംഗ് സീറ്റായിരുന്ന നേമത്ത് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി അവരുടെ അക്കൗണ്ട് പൂട്ടിക്കാന്‍ വി. ശിവന്‍ കുട്ടിയുടെ വിജയത്തിന് സാധിച്ചെങ്കിലും മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ കാഴ്ചവെച്ച ശക്തമായ മത്സരവും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഇരുപതിനായിരത്തോളം വോട്ടുകള്‍ മുരളി അധികം പിടിച്ചത് തന്നെയാണ് അവിടെ ബി.ജെ.പി പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്.

യു.ഡി.എഫിലെ ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അവിടെ മത്സരിച്ചിരുന്നതെങ്കില്‍ കുമ്മനം രാജശേഖരന്‍ എളുപ്പത്തില്‍ ജയിച്ച് നിയമസഭയിലെത്തിയേനെ എന്നാണ് സോഷ്യല്‍ മീഡിയിലെ ചര്‍ച്ചകള്‍ വിലയിരുത്തുന്നത്. അതുകൊണ്ടാണ് തോല്‍ക്കാന്‍ സാധ്യതയുണ്ടായിട്ടും ഈ വെല്ലുവിളി ഏറ്റെടുത്ത മുരളിക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here