‘ഫ്രീഹിറ്റ്’ പോലെ ബോളർക്ക് ‘ഫ്രീബോൾ’; ഔട്ടായാൽ 10 റൺസും കുറയ്ക്കണം: അശ്വിൻ

0
305

ചെന്നൈ∙ ‘മങ്കാദിങ്’ രീതിയിലുള്ള അത്ര ‘ജനകീയമല്ലാത്ത’ ഔട്ടിനായി ശക്തമായി ശബ്ദമുയർത്തുന്നതിനു പിന്നാലെ, ബാറ്റ്സ്മാന് ‘ഫ്രീഹിറ്റ്’ പോലെ ബോളർമാർക്ക് അനുകൂലമായി ‘ഫ്രീബോളും’ വേണമെന്ന വാദവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ. ക്രിക്കറ്റ് നിയമങ്ങളിൽ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റമെന്തെന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ട്വിറ്ററിൽ കുറിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഫ്രീബോൾ’ എന്ന ആശയം അശ്വിൻ അവതരിപ്പിച്ചത്. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 12–ാം സീസണിനിടെ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‍ലറിനെ കിങ്സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിങ്സ്) അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വൻ വിവാദമായിരുന്നു. ഇതിനു ശേഷമാണ് മങ്കാദിങ് ബോളറുടെ അവകാശമാണെന്ന് വ്യക്തമാക്കി അശ്വിൻ സംവാദത്തിനു തുടക്കമിട്ടത്.

ബോളർ പന്തെറിയുമ്പോൾ ക്രീസിന്റെ മുന്നിലെ ലൈൻ കടന്നാൽ ബാറ്റ്സ്മാന് അനുകൂലമായി ‘ഫ്രീഹിറ്റ്’ വിധിക്കുന്നതുപോലെ, ബോളർ പന്ത് റിലീസ് ചെയ്യും മുൻപ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന ബാറ്റ്സ്മാൻ ക്രീസ് വിട്ടാൽ ശിക്ഷയായി ‘ഫ്രീബോൾ’ വേണമെന്നാണ് അശ്വിന്റെ ആവശ്യം. ഈ പന്തിൽ ബാറ്റ്സ്മാൻ പുറത്തായാൽ ബോൾ ചെയ്യുന്ന താരം അതുവരെ വഴങ്ങിയ റൺസിൽനിന്നും ബാറ്റിങ് ടീമിന്റെ ടോട്ടലിൽനിന്നും 10 റൺസ് വീതം കുറയ്ക്കണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.

ക്രിക്കറ്റ് നിയമങ്ങളിൽ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യവുമായി ഒരു ദേശീയ മാധ്യമത്തിൽ സഞ്ജയ് മഞ്ജരേക്കർ കോളമെഴുതിയിരുന്നു. ക്രിക്കറ്റ് പൊതുവെ മാറ്റങ്ങളോട് മുഖം തിരിക്കുന്നുവെന്ന തരത്തിൽ വിമർശനമുയർത്തുന്നതാണ് പ്രസ്തുത ലേഖനം. ഒരു താരം ബോൾ ചെയ്യുന്ന ഏറ്റവും മികച്ച പന്ത് ബാറ്റ്സ്മാനെ കബളിപ്പിക്കുകയും, എന്നാൽ ബാറ്റ്സ്മാന്റെ പാഡിലിടിച്ച് ബൗണ്ടറി കടക്കുകയും ചെയ്യുമ്പോൾ ബാറ്റിങ് ടീമിന് അനുകൂലമായി ബൗണ്ടറി അനുവദിക്കുന്നതിനെ ഉള്‍പ്പെടെ ഈ കോളത്തിൽ മഞ്ജരേക്കർ ചോദ്യം ചെയ്യുന്നുണ്ട്. ഇവിടെ ഏറ്റവും മികച്ച പന്തെറിഞ്ഞ് ബാറ്റ്സ്മാനെ കബളിപ്പിച്ച ബോളറെ, നാലു റൺസ് അനുവദിച്ച് ശിക്ഷിക്കുന്നതിന്റെ യുക്തിയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

‘എനിക്ക് ശരിയല്ലെന്ന് തോന്നിയ ക്രിക്കറ്റിലെ ചില നിയമവശങ്ങളെക്കുറിച്ചാണ് ഞാൻ ഈ കോളത്തിലെഴുതിയത്. അതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ. ക്രിക്കറ്റ് കളിയെ കൂടുതൽ മികവുറ്റതാക്കാൻ ആവശ്യമെന്ന് നിങ്ങൾ കരുതുന്ന മാറ്റങ്ങളെക്കുറിച്ചും എഴുതാം. ഏറ്റവും മികച്ച നിർദ്ദേശങ്ങൾ ഇവിടെ റീട്വീറ്റ് ചെയ്യും’ – മഞ്ജരേക്കർ എഴുതി.

ഇതിനുള്ള മറുപടിയിലാണ് ‘ഫ്രീബോൾ’ എന്ന ആശയത്തെക്കുറിച്ച് അശ്വിൻ ട്വീറ്റ് ചെയ്തത്.

‘ക്രിക്കറ്റിനെ മാർക്കറ്റ് ചെയ്യുന്നതിൽ വൻ വിജയമായി മാറിയ പരീക്ഷണമാണ് ഫ്രീഹിറ്റ്. ആരാധകർക്ക് ഈ ആശയം സമ്മാനിച്ച ആവേശം ചെറുതല്ല. നോൺസ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന ബാറ്റ്സ്മാൻ നേരത്തേ ക്രീസ് വിട്ടിറങ്ങിയാൽ ‘ഫ്രീബോൾ’ എന്ന ആശയം എങ്ങനെയുണ്ടാകും? ആ പന്തിൽ വിക്കറ്റ് വീണാൽ ബോളർ വഴങ്ങിയ റൺസിൽനിന്നും ബാറ്റിങ് ടീമിന്റെ ആകെ റൺസിൽനിന്നും 10 റൺസ് കുറയ്ക്കണം’ – അശ്വിൻ ട്വീറ്റ് ചെയ്തു.

‘പന്ത് ബോളറുടെ കൈകളിൽനിന്ന് റിലീസ് ചെയ്തശേഷം മാത്രമേ ബാറ്റ്സ്മാന് ക്രീസ് വിട്ട് ഇറങ്ങാനാകൂ’ – അശ്വിൻ കുറിച്ചു.

അശ്വിന്റെ നിർദ്ദേശത്തെ പിന്താങ്ങി മുൻ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്തയും രംഗത്തെത്തി.

‘താങ്കളുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. ഒപ്പം, ‘ഫ്രീബോൾ’ തീർച്ചയായും ഡോട്ട് ബോളായിരിക്കണം. വിക്കറ്റ് ലഭിച്ചാൽ അത് പരിഗണിക്കണം’ – ദീപ് ദാസ്ഗുപ്ത ട്വീറ്റ് ചെയ്തു. നിയമവശങ്ങൾ പിന്നീട് പരിഗണിക്കാമെന്ന് മറുപടി കുറിച്ച അശ്വിൻ, ബാറ്റ്സ്മാനും ബോളറും തമ്മിലുള്ള തുല്യത നിലനിർത്തുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here