തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നീക്കം.
ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ മാറ്റാനാണ് സാധ്യത. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവി ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവും ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.
നേരത്തെ കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിയ്ക്ക് കത്ത് നല്‍കിയത്.
യു.ഡി.എഫ് കണ്‍വീനറെ മാറ്റണം, ജംബോ, കെ.പി.സി.സി, ഡി.സി.സി തുടങ്ങിയ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കത്ത് നല്‍കിയ കാര്യം പിന്നീട് ഇത് യൂത്ത് കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകളും പുനസംഃഘടനാ ആലോചനകളും നടന്നിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ സോണിയ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ 99 എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍ 41 സീറ്റുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. ഇതില്‍ 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.