‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’; അസ്‍ല ഇനി ഡോ. ഫാത്തിമ അസ്‍ല

0
949

ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവിതം ഏറ്റവും വലിയ വെല്ലുവിളിയിലേക്ക് എടുത്തിട്ടതാണ് ഫാത്തിമ അസ്‍ലയെ. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അവള്‍ക്ക്. എന്നാല്‍ രോഗത്തിന്റെ തീക്ഷണമായ പരീക്ഷണങ്ങളിലൊന്നും അവള്‍ തളര്‍ന്നുവീണില്ല. രോഗത്തോട് പോരാടിക്കൊണ്ട് തന്നെ വളര്‍ന്നു.

മറ്റ് കുട്ടികളെ പോലെ തന്നെ മിടുക്കിയായി പഠിച്ചു. സ്വപ്‌നങ്ങള്‍ കണ്ടു. പരാജയത്തിന് മനസുവരാതെ പ്രതിസന്ധികളെയെല്ലാം തന്റെ നിലാവ് പോലത്തെ ചിരി കൊണ്ട് തകര്‍ത്തിട്ടു. വീല്‍ചെയറിലിരുന്ന് കൊണ്ട് ആകെ ലോകത്തോടും അസ്‍ല സംവദിക്കും. സോഷ്യല്‍ മീഡിയയിലും സജീവമാണ് അസ്‍ല. ഇതിനിടെ അസ്‍ലയുടെ ‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’യെന്ന ആദ്യപുസ്തകവും പുറത്തുവന്നിരുന്നു.

കോഴിക്കോട് പൂനൂര്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുള്‍ നാസര്‍- അമീന ദമ്പതികളുടെ മകളാണ് അസ്‍ല. പഠനത്തിനും മറ്റ് ക്രിയാത്മക- സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഇവര്‍ പൂര്‍ണപിന്തുണയാണ്. ഒപ്പം ഒരു സംഘം കൂട്ടുകാരും അസ്‍ലയ്ക്ക് കരുത്തായി കൂടെയുണ്ട്.

ഇന്നിതാ തന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് അസ്‍ല നേടിയെടുത്തിരിക്കുകയാണ്. ഡോക്ടറാകണമെന്ന സ്വപ്‌നം. മുമ്പ് അസ്‍ലയെ പോലൊരാള്‍ക്ക് അതിന് കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വരെ വിധിയെഴുതിയിരുന്നു. എന്നാല്‍ ആ മുന്‍വിധികളെയെല്ലാം ഒഴുക്കിക്കളഞ്ഞുകൊണ്ട് അസ്‍ല ഡോ. ഫാത്തിമ അസ്ലയെന്ന വിലാസം പൊരുതി നേടിയിരിക്കുന്നു. കോട്ടയം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്‍ല മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെ അസ്‍ല തന്നെയാണ് ഇക്കാര്യമറിയിച്ചത്. നിരവധി പേരാണ് അസ്‍ലയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് അഭിനന്ദനങ്ങളറിയിക്കുന്നത്. എത്രയോ പേര്‍ക്ക് അതിജീവനത്തിനുള്ള ഊര്‍ജ്ജം പകരുന്നതാണ് അസ്‍ലയുടെ ജീവിതമെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here