ന്യൂഡൽഹി: ഈ വർഷത്തെ പൂർണ ചന്ദ്രഗ്രഹണത്തിനൊപ്പം നാളെ ആകാശത്ത് വിസ്മയക്കാഴ്ചകളും. ഗ്രഹണത്തോടൊപ്പം അതിമനോഹരമായ സൂപ്പർ മൂണും ബ്ലഡ് മൂണും കാണാൻ സാധിക്കുന്ന ത്രില്ലിലാണ് ശാസ്ത്രലോകം.
സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുകയും സൂര്യപ്രകാശം ചന്ദ്രനിൽ വീഴാതിരിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയുടെ നിഴൽ ചന്ദ്രനെ എത്രമാത്രം മൂടിയിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഭാഗികവും പൂർണവുമായ രണ്ട് തരം ഗ്രഹണങ്ങൾ നടക്കാറുണ്ട്. പൂർണമായും ചന്ദ്രൻ ഭൂമിയുടെ നിഴലിൽ ആകുന്നതാണ് പൂർണ ചന്ദ്രഗ്രഹണം.
ഇന്ത്യയിൽ വൈകീട്ട് 3.15നും 6.23നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുക. രാജ്യത്ത് സിക്കിം ഒഴികെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഒഡീഷയിലെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും ഗ്രഹണത്തിെൻറ അവസാന ഘട്ടം കാണാൻ സാധിക്കും.
സൂപ്പർ മൂൺ?
ഭൂമിക്ക് സമാനമായി നിശ്ചിത രേഖയിലൂടെ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രെൻറ ഭ്രമണപാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന പെരിജി ബിന്ദുവിന് സമീപം പൂർണ്ണ ചന്ദ്രൻ ദൃശ്യമാകുന്നതാണ് സൂപ്പർ മൂൺ. സാധാരണയിൽ കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലുമാണ് സൂപ്പർ മൂൺ സമയത്ത് ചന്ദ്രനെ കാണുക. പൂർണ്ണ ചന്ദ്രൻ ഏറ്റവും മനോഹരമായും വ്യക്തമായും കാണപ്പെടുന്ന അവസ്ഥയാണ് സൂപ്പർ മൂൺ.
ബ്ലഡ് മൂൺ?
സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് വെളുത്തവാവ് അഥവാ ചന്ദ്രഗ്രഹണം സംഭവിക്കുക. ചന്ദ്രന്‍ ഭൂമിയുടെ നിഴലിൽ ആവുമെങ്കിലും ഭൂമിയില്‍ പതിക്കുന്ന പ്രകാശത്തിന് അപഭ്രംശം സംഭവിച്ച് ചന്ദ്രനുമേല്‍ പതിക്കും.
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ ഓറഞ്ച് കലർന്ന ചുവന്ന നിറത്തിൽ മനോഹരമായി തിളങ്ങി നിൽക്കുന്ന കാഴ്ചയാണ് ഈ സമയത്തു കാണാൻ കഴിയുക. ഇതിനെയാണ് ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്.
എവിടെയൊക്കെ കാണാം
പസഫിക് സമുദ്രം, ആസ്‌ട്രേലിയ, അമേരിക്കയുടെ പടിഞ്ഞാറൻ തീരം, ഏഷ്യയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിലാണ് ഗ്രഹണം വ്യക്തമായി കാണാൻ സാധ്യത. അമേരിക്കയുടെ കിഴക്ക് ഭാഗത്ത് ചന്ദ്രൻ അസ്തമിക്കുന്നതിന് മുമ്പുള്ള ചില ഘട്ടങ്ങൾ മാത്രമാണ് കാണപ്പെടുക.
ഇന്ത്യയിൽ അഗര്‍ത്തല, ഐസോള്‍, കൊല്‍ക്കത്ത, ചിറാപുഞ്ചി, കൂച്ച് ബിഹാർ, ഡയമണ്ട് ഹാര്‍ബര്‍, ദിഗ, ഗുവാഹത്തി, ഇംഫാല്‍, ഇറ്റാനഗര്‍, കൊഹിമ, ലുംഡിങ്, മാള്‍ഡ, നോര്‍ത്ത് ലാഖിംപൂര്‍, പാരാദീപ്, പാശിഘട്ട്, പോര്‍ട്ട് ബ്ലെയര്‍, പുരി, ഷില്ലോങ്, സിബ്‌സാഗര്‍, സില്‍ച്ചാര്‍ എന്നീ നഗരങ്ങളിലാണ് ചന്ദ്രഗ്രഹണം കാണാനാകുക. പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിൽല്‍ യാസ് ചുഴലിക്കാറ്റ് ഉള്ളതിനാൽ ചാന്ദ്രഗ്രഹണം പൂർണമായി കാണാന്‍ സാധിക്കില്ല.