ജനീവ: ഇസ്രായേല്‍-ഗാസ സംഘര്‍ഷം അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ തീരുമാനം. ഗാസയില്‍ ഇസ്രായേല്‍ മനുഷ്യാവകാശ ലംഘനം നടത്തിയോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. അറബ് രാജ്യങ്ങളുടെ മുന്‍കൈയില്‍ കൊണ്ടുവന്ന നിര്‍ദേശം ഒമ്പതിനെതിരെ 24 വോട്ടുകള്‍ക്കാണ് സമിതി അംഗീകരിച്ചത്. വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന അമേരിക്ക, പിന്നീട് ഈ തീരുമാനത്തിന് എതിരെ രംഗത്തുവന്നു. ഇസ്രായേല്‍-ഗാസ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് തീരുമാനമെന്നാണ് അമേരിക്കന്‍ പ്രസ്താവന.
രണ്ടാഴ്ചയോളം നടന്ന സംഘര്‍ഷങ്ങളും അതിന്റെ കാരണങ്ങളുമാണ് അന്വേഷിക്കുക. ഇസ്രായേല്‍ ആക്രമണങ്ങളില്‍ 242 ഗാസ നിവാസികളും ഹമാസിന്റെ ആക്രമണത്തില്‍ 13 ഇസ്രായേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യു എന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് (ഒ എഐ സി) രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. മനുഷ്യാവകാശ നിയമങ്ങളും രാജ്യാന്തര നിയമങ്ങളും ലംഘിച്ചാണ് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തിയതെന്ന് സമിതി യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു.
ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സ്ഥിരം കമീഷന്‍ സ്ഥാപിക്കുക, നിലവിലുള്ള സംഘര്‍ഷങ്ങളുടെയും അസ്ഥിരതയുടെയും സംഘര്‍ഷ തുടര്‍ച്ചയുടെയും മൂലകാരണങ്ങള്‍ പഠിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തില്‍ വന്നത്.
ഗാസയിലുണ്ടായ ദുരന്തത്തില്‍ ഏറെ ആശങ്കകളുണ്ടെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് യു എന്‍ മനുഷ്യാവകാശ സമിതി മേധാവി മിഷേല്‍ ബേഷ്‌ലറ്റ് പറഞ്ഞു. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തേണ്ടി വന്നേക്കാമെന്നും അവര്‍ പറഞ്ഞു. ഇസ്രായേലിനു നേര്‍ക്ക് ഹമാസ് നടത്തുന്ന റോക്കറ്റാക്രമണങ്ങള്‍ വകതിരിവില്ലാത്തതും രാജ്യാന്തര മനുഷ്യാവകാശങ്ങളുടെ സുവ്യക്തമായ ലംഘനവുമാണെന്നും അവര്‍ പറഞ്ഞു.
ചൈനയും റഷ്യയും അടക്കം 24 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. പടിഞ്ഞാറന്‍ രാജ്യങ്ങളടക്കം ഒമ്പത് അംഗങ്ങള്‍ എതിരായി വോട്ട് ചെയ്തു. 14 രാജ്യങ്ങള്‍ വിട്ടുനിന്നു. നിരീക്ഷക പദവി മാത്രമുള്ളതിനാല്‍ അമേരിക്ക ചര്‍ച്ചയില്‍ പങ്കെടുത്തില്ല. എന്നാല്‍, തീരുമാനം വന്നതിനു ശേഷം, അതിനെതിരെ അമേരിക്ക രംഗത്തുവന്നു.
വെടിനിര്‍ത്തല്‍-സമാധാന ശ്രമങ്ങളും ഗാസയിലേക്ക് സഹായങ്ങള്‍ ഉറപ്പാക്കലുമായി മുന്നോട്ടു പോവുന്നതിനിടെ മനുഷ്യാവകാശ സമിതിയിലെ ചില അംഗങ്ങള്‍ കൈക്കൊണ്ട നിലപാട് സമാധാന ശ്രമങ്ങള്‍ വ്യതിചലിക്കാന്‍ കാരണമാവുമെന്ന് ജനീവയിലെ അമേരിക്കന്‍ മിഷന്‍ വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി. സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുന്നതാണ് ഈ നീക്കമെന്നും അമേരിക്ക കുറ്റപ്പെടുത്തി.
മനുഷ്യാവകാശ സമിതിയുടെ പക്ഷപാതപരമായ മറ്റൊരു ഇസ്രായേല്‍ വിരുദ്ധ സമീപനമാണ് ഇതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുറ്റപ്പെടുത്തി.
തീരുമാനത്തെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഫലസ്തീനികള്‍ക്ക് നീതിയും മനുഷ്യാവകാശവും ഉറപ്പുവരുത്താനുള്ള രാജ്യാന്തര സമൂഹത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
യു എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിന്‍കെന്റെ ത്രിദിന പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് മനുഷ്യാവകാശ സമിതിയുടെ തീരുമാനം വന്നത്. ഗാസയ്ക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായി രാജ്യാന്തര സമൂഹവുമായി ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തുകയാണെന്ന് വെസ്റ്റ് ബാങ്ക് സന്ദര്‍ശനത്തിനിടെ അദ്ദേഹം പറഞ്ഞിരുന്നു.
ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ അമേരിക്ക നറുശതമാനം പ്രതിബദ്ധമാണെന്നും അതിനു തൊട്ടുമുമ്പായി ബ്ലിന്‍കെന്‍ പറഞ്ഞിരുന്നു.