ബംഗളൂരു: ലോക്ഡൗണിന് സമാനമായ കോവിഡ് കർഫ്യൂ സംസ്ഥാനത്ത് നടപ്പാക്കിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കോവിഡ് കേസുകൾ കുറയാത്ത പശ്ചാത്തലത്തിൽ മേയ് 12നുശേഷം രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തിന് കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ബുധനാഴ്ച അറിയിച്ചു.
പ്രധാനമന്ത്രി എന്താണോ പറയുന്നത് അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ്. അതിനാൽതന്നെ നിർദേശങ്ങൾക്ക് കാത്തിരിക്കുകയാണ്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെയാണ് മേയ് 12വരെ സമ്പൂർണ കോവിഡ് കർഫ്യൂ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ, ഫാക്ടറി പ്രവർത്തനം തുടങ്ങിയവക്ക് അനുമതി നൽകിയിട്ടുള്ള നിയന്ത്രണമാണിപ്പോൾ നിലവിലുള്ളത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചവരെ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്.