കോവിഡും ലോക്ക് ഡൗണും കാമൂകി -കാമുകന്മാർക്ക് വലിയ പണിയാണ് കൊടുത്തിരിക്കുന്നത്. പരസ്പരം കാണാൻ ഒരുവഴിയുമില്ലാതെ കഴിയുന്ന നിരവധി കാമൂകി -കാമുകന്മാരാണുള്ളത്. ചിലർ ചില നന്പരുകൾ ഇറക്കി കാമുകിയെ കാണാൻ പുറപ്പെടുന്നതും പോലീസിന്റെ പിടിയിലാകുന്നതുമെല്ലാം വാർത്തയായിട്ടുമുണ്ട്. ഇത്തരം പ്രതിസന്ധിയുള്ള സമയത്ത് കാമുകിയുടെ വിവാഹം കൂടി തീരുമാനിച്ചാലോ? സംഗതി കുഴഞ്ഞതുതന്നെ.
എന്നാൻ തന്റെ പ്രണയത്തിനു വേണ്ടി ഒരു കാമുകൻ നടത്തിയ സാഹസിക നീക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. കാമുകിയുടെ വിവാഹം മുടക്കാനായി സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി പരിഗണിച്ച് വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് യുവാവ്. ബിഹാർ മുഖ്യമന്ത്രിയുടെ പോസ്റ്റുകളിലൊന്നിലായിരുന്നു പങ്കജ് കുമാർ മിശ്ര എന്ന യുവാവ് ഈ അഭ്യർത്ഥന നടത്തിയത്.
ലോക്ക്ഡൗൺ കൊണ്ടുണ്ടായ ഗുണഫലങ്ങളെക്കുറിച്ചുള്ളതായിരുന്നു ബീഹാർ മുഖ്യമന്ത്രിയുടെ പോസ്റ്റ്. സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി നിർണായകമായ വിധത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകളിൽ ഉണ്ടായ കുറവിന് കാരണം സംസ്ഥാനത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഈ പോസ്റ്റിന് താഴെയാണ് പങ്കജ് ഹിന്ദിയിൽ തന്റെ കമന്റ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി സംസ്ഥാനത്തുടനീളം വിവാഹങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയാൽ മേയ് 19-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന തന്റെ കാമുകിയുടെ വിവാഹവും മുടങ്ങും എന്നായിരുന്നു പങ്കജിന്റെ കമന്റ്. ഈ കാര്യത്തിൽ തന്നെ സഹായിച്ചാൽ എന്നും മുഖ്യമന്ത്രിയോട് കടപ്പെട്ടവനായിരിക്കും എന്ന് പങ്കജ് ഉറപ്പ് നൽകുന്നു.
കാമുകിയുടെ വിവാഹം മുടങ്ങിയാൽ പങ്കജ് ആ പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടത്. ഈ പ്രതിസന്ധി മറികടക്കാൻ പങ്കജിനെ സഹായിക്കണമെന്ന് ചിലർ ട്വിറ്ററിലൂടെ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.