ബെംഗളൂരു : കർണാടകത്തിൽ നഗരതദ്ദേശസ്ഥാപനങ്ങളിലേക്കു (യു.എൽ.ബി.)നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻമുന്നേറ്റം. പത്തിടത്തു നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്ത് കോൺഗ്രസ് നേട്ടമുണ്ടാക്കി. ആറിടത്ത് കോൺഗ്രസ് ഭൂരിപക്ഷം നേടി. ഒരിടത്ത് ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. രണ്ടിടത്ത് ജെ.ഡി.എസ്. വിജയിച്ചു. ഒരിടത്തുമാത്രമാണ് ബി.ജെ.പി.ക്ക് വിജയിക്കാനായത്.
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് വൻതിരിച്ചടി നൽകി അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയിൽ തിരഞ്ഞെടുപ്പു നടന്ന ഭദ്രാവതി സിറ്റി മുനിസിപ്പാലിറ്റിയും തീർഥഹള്ളി ടൗൺ പഞ്ചായത്തും കോൺഗ്രസ് സ്വന്തമാക്കി. രണ്ടര പതിറ്റാണ്ടിനുശേഷമാണ് തീർഥഹള്ളി ബി.ജെ.പി.ക്ക് നഷ്ടപ്പെടുന്നത്.
ബല്ലാരി മുനിസിപ്പൽ കൗൺസിൽ, രാമനഗര സിറ്റി മുനിസിപ്പൽ കൗൺസിൽ, ബേലൂർ ടൗൺ മുനിസിപ്പൽ കൗൺസിൽ, ഗുഡിബന്ദെ ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലും കോൺഗ്രസ് ഭൂരിപക്ഷം നേടി. ബീദർ സിറ്റി മുനിസിപ്പൽ കൗൺസിലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ചന്നപട്ടണ സിറ്റി മുനിസിപ്പൽ കൗൺസിൽ, വിജയപുര ടൗൺ മുനിസിപ്പൽ കൗൺസിൽ എന്നിവയാണ് ജെ.ഡി.എസ്. സ്വന്തമാക്കിയത്. മടിക്കേരി ടൗൺ മുനിസിപ്പൽ കൗൺസിൽ മാത്രമാണ് ബി.ജെ.പി.ക്കൊപ്പം നിന്നത്.
സംസ്ഥാനത്തെ ബി.ജെ.പി. സർക്കാരിന്റെ പ്രവർത്തനങ്ങളാണ് കോൺഗ്രസിൽ ജനങ്ങളുടെ വിശ്വാസത്തെ തിരിച്ചുകൊണ്ടുവന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസിന്റെ പ്രകടനം പ്രതീക്ഷയ്ക്കപ്പുറത്തെത്തിയതായും അദ്ദേഹം പറഞ്ഞു.
മടിക്കേരി ബി.ജെ.പി.യ്ക്ക്
മൈസൂരു : കുടകിലെ മടിക്കേരി സിറ്റി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് മികച്ചവിജയം. 23 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി. 16 സീറ്റുകൾ നേടി. അഞ്ചുസീറ്റുകൾ സ്വന്തമാക്കിയ എസ്.ഡി.പി.ഐ.യാണ് രണ്ടാംസ്ഥാനത്ത്. കോൺഗ്രസും ജെ.ഡി.എസും ഒരുസീറ്റ് വീതം നേടി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടന്നത്. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള സ്ഥാനാർഥികളെയും പാർട്ടിപ്രവർത്തകരെയും മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്. ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിൽ മടിക്കേരി ബി.ജെ.പി. എം.എൽ.എ.യായ അപ്പാച്ചു രഞ്ജൻ സന്തോഷം പ്രകടിപ്പിച്ചു. കേന്ദ്ര-സംസ്ഥാനതലങ്ങളിൽ പാർട്ടി നടത്തിയ വികസനപ്രവർത്തനങ്ങൾ കണ്ടാണ് ജനങ്ങൾ ബി.ജെ.പി.യെ തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി പാർട്ടി എം.എൽ.സി.യായ വീണ ആച്ചയ്യ രംഗത്തുവന്നു. ഫലത്തിൽനിന്ന് പാർട്ടി ഒരു പാഠം പഠിച്ചുവെന്നും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും വീണ പറഞ്ഞു. പുതുമുഖങ്ങൾക്ക് അവസരം നൽകിയില്ലെന്നും നേതൃത്വത്തിന്റെ അഭാവമുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.