തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ സ്പീക്കറായി എല്‍.ഡി.എഫിന്റെ തൃത്താല എം.എല്‍.എ എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 40 നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷിന്റെ ജയം. പി.സി വിഷ്ണുനാഥായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.
കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായാണ് രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
മുന്‍ എം.പിയായിരുന്ന രാജേഷ് ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃത്താലയില്‍ വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.
99 സീറ്റാണ് എല്‍.ഡി.എഫിനുള്ളത്. 41 സീറ്റാണ് യു.ഡി.എഫിനുള്ളത്.
തിങ്കളാഴ്ച എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. 136 എം.എല്‍.എമാരാണ് പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്തത്.
ഭരണപക്ഷത്തെ തുടര്‍ച്ചയായി രണ്ടാം വട്ടവും പിണറായി വിജയന് നയിക്കുമ്പോള്‍ പ്രതിപക്ഷ നിരയെ നയിക്കുന്നത് വി.ഡി സതീശനാണ്.