ഉത്തര്‍പ്രദേശ് തിരിച്ചടിക്കുന്നു; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തി കേന്ദ്രങ്ങളില്‍ പോലും ബി.ജെ.പിക്ക് കനത്ത പരാജയം

0
333

ലഖ്നൗ: യു.പിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്.

അതേസമയം, അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മികച്ച വിജയമാണ് കാഴ്ചവെച്ചത്. 24 സീറ്റുകളാണ് സമാജ് വാദി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. മായാവതിയുടെ ബഹുജന്‍ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

അയോധ്യ, വാരാണസി, മഥുര തുടങ്ങിയ ഹിന്ദുത്വ ശക്തികേന്ദ്രങ്ങളില്‍ നേരിട്ട തിരിച്ചടി വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് ബി.ജെ.പിക്ക് പ്രദേശത്ത് വന്‍ തോല്‍വി നേരിടുന്നത്. കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദിന് പകരം സുപ്രിംകോടതി പള്ളി നിര്‍മിക്കാനായി നല്‍കിയ അഞ്ചേക്കര്‍ നിലകൊള്ളുന്ന സൊഹാവാള്‍ സബ് ഡിസ്ട്രികില്‍ നാലില്‍ മൂന്നു സീറ്റും ജയിച്ചത് എസ്പിയാണ്.

നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിലെ 40 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ 16 സീറ്റിലും എസ്പി ജയിച്ചു. ഏഴു സീറ്റ് മാത്രമാണ് ബിജെപിക്കു കിട്ടിയത്. ബിഎസ്പിയും അപ്നാ ദളും മൂന്നു വീതം സീറ്റുകള്‍ നേടി. ബാക്കിയുള്ള സീറ്റുകള്‍ ജയിച്ചത് സ്വതന്ത്രരാണ്.

ക്ഷേത്രനഗരമായ മഥുരയിലെ 33 സീറ്റില്‍ എട്ടിടത്ത് മാത്രമാണ് ബിജെപിക്കു ജയിക്കാനായത്. 13 സീറ്റുമായി ബിഎസ്പിയാണ് ഇവിടെ നേട്ടമുണ്ടാക്കിയത്.

തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്ന് അയോധ്യയിലെ ബിജെപി വക്താവ് ദിവാകര്‍ സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജനവിധി അംഗീകരിക്കുന്നതായും തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നുമായിരുന്നു ബിജെപി മഥുര ജില്ലാ പ്രസിഡണ്ട് മധു ശര്‍മ്മയുടെ പ്രതികരണം.

മുസഫര്‍ നഗറിലെ 43 സീറ്റില്‍ 17 ഇടത്തും ജയിച്ചത് സ്വതന്ത്രരാണ്. മീററ്റിലെ 33 സീറ്റില്‍ ആറിടത്തു മാത്രമേ ബിജെപിക്കു ജയിക്കാനായുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here