ഇസ്രാഈലിലേക്കുള്ള ആയുധങ്ങള്‍ ഞങ്ങള്‍ കപ്പലില്‍ കയറ്റില്ല; ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇറ്റലി തൊഴിലാളി യൂണിയന്‍

0
537

റോം: ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം നിറുത്തണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ഇസ്രാഈലിലേക്കുള്ള ആയുധങ്ങള്‍ കയറ്റാന്‍ തങ്ങള്‍ തയ്യാറാവില്ലെന്ന് ഇറ്റലിയിലെ ലിവോര്‍നോ തുറമുഖത്തിലെ ചുമട്ടു തൊളിലാളി യൂണിയന്‍ അറിയിച്ചു.

ലിവാര്‍നോ തുറമുഖം ഫലസ്തീന്‍ ജനതയുടെ വംശഹത്യയ്ക്കുള്ള ഒരു സഹായവും നല്‍കില്ലെന്നും തങ്ങള്‍ എക്കാലവും ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും തൊഴിലാളി യൂണിയന്‍ വ്യക്തമാക്കി.

ആയുധങ്ങള്‍ കയറ്റാന്‍ തയ്യാറാവില്ലെന്ന് അറിയിച്ച ശേഷം തൊഴിലാളികള്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇസ്രാഈല്‍ ആക്രമണം നിറുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്, ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് തൊഴിലാളികള്‍ സമരം നടത്തിയത്. തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

ലോക തൊഴിലാളി വര്‍ഗത്തിനാകെ അഭിമാനം നല്‍കുന്നൊരു വാര്‍ത്തയാണിതെന്നും തൊഴിലാളിവര്‍ഗത്തിന്റെ സാര്‍വദേശീയബോധം എന്തുമാത്രം വിപ്ലവാത്മകമാണെന്നതിന്റെ മറ്റൊരുദാഹരണം കൂടിയാണിതെന്നും സമൂഹ മാധ്യമങ്ങളില്‍ വന്ന കമന്റുകളില്‍ പറയുന്നു.

സഖാവ് ആന്റോണിയോ ഗ്രാംഷിയുടെ ജന്മനാടായ ലിവോര്‍നോ ഇന്നും ആ വര്‍ഗ ഐക്യം കൈവിടാതെ കാത്തു സൂക്ഷിക്കുന്നു എന്നുതന്നെയാണ് ഈ സംഭവം തെളിയിക്കുന്നതെന്നും ചിലര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് എഫ്. എ കപ്പ് ഫൈനലില്‍ വിജയിച്ച ലെസ്റ്റര്‍ സിറ്റി രംഗത്തെത്തിയിരുന്നു. ഫലസ്തീന്‍ പതാക ഉയര്‍ത്തിക്കാണിച്ചാണ് കളിക്കാര്‍ വിജയം ആഘോഷിച്ചത്. 20000ത്തോളം വരുന്ന കാണികളെ സാക്ഷിനിര്‍ത്തിയാണ് ലെസ്റ്റര്‍ സിറ്റിയുടെ കളിക്കാരായ ഹംസ ചൗധരിയും വെസ്ലി ഫോഫാനയും ചെല്‍സിക്കെതിരായ വിജയം ആഘോഷിക്കുന്നതിനിടെ ഫലസ്തീന്‍ പതാക ഉയര്‍ത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഇസ്രാഈലിന്റെ നടപടിയില്‍ പ്രതിഷേധവുമായി വിവിധ രാജ്യങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ നടക്കുന്നുണ്ട്. ദോഹ, ലണ്ടന്‍, മാഡ്രിഡ്, പാരിസ്, ബര്‍ലിന്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ഫലസ്തീന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തി.

ഇറാക്കില്‍ വിവിധ നഗരങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലും ബാബിലോണ്‍, ദി ഖാര്‍, ദിവാനിയ, ബസ്റ തുടങ്ങി ഇറാക്കിന്റെ തെക്കന്‍ പ്രവിശ്യകളിലുമായി ഒത്തു ചേര്‍ന്ന ആളുകള്‍ ഫലസ്തീന്‍ പതാകയും ബാനറുകളും ഉയര്‍ത്തിയാണ് ഇസ്രാഈലിനെതിരെ പ്രതിഷേധിച്ചത്.

ഖത്തറിലും ആയിരക്കണക്കിന് പേരാണ് പിന്തുണയുമായി ഒത്തുചേര്‍ന്നത്. സ്പെയിനില്‍ 2500ഓളം പേരാണ് പുവേര്‍ട്ട ഡി സോള്‍ പ്ലാസയില്‍ ഇസ്രാഈലിനെതിരെ പ്രതിഷേധിച്ച് റാലി നടത്തിയത്. ഇത് യുദ്ധമല്ല, കൂട്ടക്കൊലയാണ് എന്ന മുദ്രാവാക്യം മുഴക്കികൊണ്ടായിരുന്നു റാലി.
നിരവധി വരുന്ന ലെബനന്‍ പൗരന്മാരും ഫലസ്തീന്‍ പൗരന്മാരും ലെബനന്‍-ഇസ്രാഈല്‍ അതിര്‍ത്തിയില്‍ പ്രതഷേധവുമായെത്തി.

ലണ്ടനിലും ജര്‍മനിയിലും സമാനമായ രീതിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലണ്ടനില്‍ ‘ഗാസയില്‍ ബോംബ് വര്‍ഷിക്കുന്നത് അവസാനിപ്പിക്കുക’, ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്നീ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ ഇസ്രാഈല്‍ എംബസിക്ക് മുന്നില്‍ എത്തിച്ചേരുകയായിരുന്നു.

ലക്ഷക്കണക്കിന് ആളുകളാണ് ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ലണ്ടനില്‍ ഒത്തു ചേര്‍ന്നത്. ജര്‍മനിയില്‍ ബെര്‍ലിനിലേക്കാണ് പ്രതിഷേധക്കാര്‍ മാര്‍ച്ചുമായി എത്തിയത്. ആയിരക്കണക്കിനാളുകളാണ് ഇസ്രാഈലിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയത്.

അതേസമയം ഗാസയിലെ പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമാക്കി ഇസ്രാഈല്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 10 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രാഈല്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രാഈല്‍ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here