ഇത് ചരിത്രം; രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു

0
378

തിരുവനന്തപുരം: 42 വർഷത്തിനിടയിൽ കേരളത്തിൽ തുടർഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായിക്ക് സത്യവാചകങ്ങൾ ചൊല്ലികൊടുത്തു.

2016 മെയ് 25-നാണ് കേരളത്തിൻ്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചെയ്തത്. അഞ്ച് വർഷത്തിനിപ്പുറം അതേവേദിയിൽ ചരിത്രം വിജയം നേടി പിണറായി രണ്ടാമൂഴത്തിൽ അധികാരമേറ്റു. ഗവർണർ ചൊല്ലിയ സത്യവാചകം ഏറ്റു ചൊല്ലിയ പിണറായി സഗൌരവമാണ് സത്യപ്രതിജ്ഞ ചെയ്തത്

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ ഉച്ചയ്ക്ക് 2.45-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. മലയാളത്തിലേയും രാജ്യത്തേയും പ്രമുഖ കലാകാരൻമാർ ഒരുക്കിയ കലാവിരുന്നും ആശംസകളും കോർത്തിണക്കി സംവിധായകൻ ടി.കെ.രാജീവ് കുമാർ നവകേരള സംഗീതാജ്ഞലിയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. എ.ആർ.റഹ്മാൻ, കെ.ജെ.യേശുദാസ്, മമ്മൂട്ടി, മോഹൻലാൽ, കെ.എസ്.ചിത്ര, സുജാത,എംജി ശ്രീകുമാർ തുടങ്ങിയ പ്രശസ്തരായ 52 കലാകാരൻമാർ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു.

കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിരുന്നു. അഞ്ഞൂറ് പേർ പരിപാടിക്കുണ്ടാവും എന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചതെങ്കിലും നാനൂറ് പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തിയുള്ളൂ.  സത്യപ്രതിജ്ഞാച്ചടങ്ങ്  സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കിയിരുന്നു. മതസാമൂഹിക രംഗത്തെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.

അസാധ്യമെന്ന് കരുതിയിരുന്ന തുടര്‍ഭരണം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് എല്‍ഡിഎഫും പിണറായി വിജയനും യാഥാര്‍ഥ്യമാക്കിയത്. മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമെന്ന നിലയില്‍ പിണറായി വിജയന്‍റെ  അപ്രമാദിത്വത്തിന് കൂടിയാണ് കേരളരാഷ്ട്രീയം ഇന്ന് സാക്ഷിയയത്. അഞ്ചാം വര്‍ഷം ഭരണമാറ്റമെന്ന പഴയ പല്ലവി കൂടിയാണ് രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്നതോടെ അവസാനിക്കുന്നത്.

ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ലോകചരിത്രത്തിന്‍റെ ഭാഗമായ 1957 ലെ ആദ്യ ഇഎംഎസ് സര്‍ക്കാരിനോളം അഭിമാനമുള്ള നിമിഷം. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫിനെയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയേയും ഏറ്റവും ദുര്‍ബലപ്പെടുത്തിയാണ് എല്‍ഡിഎഫ് അധികാരം തുടരുന്നതെന്നതും ശ്രദ്ധേയം. കാറുംകോളും നിറഞ്ഞ കഴിഞ്ഞ 5 വര്‍ഷങ്ങളെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും കരുത്താര്‍ന്ന നീക്കങ്ങളിലുടെയും തനിക്ക് ചുറ്റും വരച്ച വരയില്‍ നിര്‍ത്തിയാണ് പിണറായി വിജയനെന്ന കരുത്തനായ നേതാവ് ഭരണത്തുടര്‍ച്ചയിലേക്കെത്തുന്നത്.

പ്രളയങ്ങളെയും പേമാരിക്കാലങ്ങളെയുമൊന്നും പിണറായി വിജയന്‍ പേടിച്ചില്ല.കോവിഡിന് മുന്നില്‍ പകച്ച് നിന്നില്ല.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നേരിട്ട് പൊരുതി.പോലീസന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ച് കേന്ദ്രത്തിന്‍റെ വിരട്ടൊന്നും ഇങ്ങോട്ട് വേണ്ടെന്ന സന്ദേശം നല്‍കി. എല്ലാത്തരം വര്‍ഗിയതയും എതിര്‍ക്കപ്പെടേണ്ടതാണെന്ന പൊതുബോധം അദ്ദേഹം ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പെന്‍ഷനും കിറ്റുമെല്ലാം കൊടുത്ത് വികസനത്തിനൊപ്പം കരുതലെന്ന സന്ദേശം നല്‍കി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനം സര്‍ക്കാരിനൊപ്പം നിന്നിട്ടും ഒന്നും മനസ്സിലാകാത്ത ദുര്‍ബല പ്രതിപക്ഷം പിണറായിക്ക് കരുത്ത് കൂട്ടി.

ഒടുവില്‍ മന്ത്രിമാരായ ഇപി ജയരാജനും, ഡോ.തോമസ് ഐസക്കും ജി സുധാകരനുമടക്കം 31 സിറ്റിംഗ് എംഎ‍ല്‍മാര്‍ക്ക് ടേം വ്യവസ്ഥ പറഞ്ഞ് സീറ്റ് നിഷേധിച്ച് പുതുരക്തവുമായി തെരഞ്ഞെടുപ്പിലേക്ക് പോയി. ഇതിനകം പിണറായി വിജയനെയും പാര്‍ട്ടിയേയും മുന്നണിയേയും നെഞ്ചിലേറ്റി കഴിഞ്ഞിരുന്ന ജനങ്ങള്‍ എല്ലാ പരീക്ഷണങ്ങള്‍ക്കുമൊപ്പം നിന്നു. തുടര്‍ഭരണത്തിനായി 140ല്‍ 99 സീറ്റ്. പിണറായി വിജയന്‍ പിന്നെയും അത്ഭുതം കാണിച്ചു. സിപിഎം എന്ന അിതശക്തമായ കേഡര്‍ പാര്‍ട്ടിക്ക് മാത്രം എടുക്കാനാകുന്ന തീരുമാനം. രണ്ടാം സര്‍ക്കാരില്‍ പാര്‍ട്ടി മന്ത്രിമാരില്‍   മുഖ്യമന്ത്രിയൊഴികെ എല്ലാം പുതുമുഖങ്ങള്‍.

ഷൈലജടീച്ചറിന്‍റെ 60,000 വോട്ടിന്‍റെ ഭൂരിപക്ഷവും ആഗോളപ്രശസ്തിയുമെല്ലാം കടങ്കഥയായി. വീണാ ജോര്‍ജെന്ന ഊര്‍ജ്വസ്വലയായ എംഎല്‍എക്ക് ആരോഗ്യം നല്‍കി വിമര്‍ശനങ്ങള്‍ക്ക് മറുപടി. അങ്ങനെ പി രാജീവും കെഎന്‍ ബാലഗോപാലും, മുഹമ്മദ് റിയാസും, വിഎന്‍വാസവനും, സജി ചെറിയാനുമടക്കം ഒരു പിടി പുതുമുഖങ്ങള്‍ മന്ത്രിമാരാകുന്നു. പുതുതീരുമാനങ്ങളുമായി സിപിഐയും കൂടെ നില്‍ക്കുമ്പോള്‍ രണ്ടാംപിണറായി സര്‍ക്കാരിന് വല്ലാത്ത പുതുമയാണ്.

പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ തൊട്ട് പാര്‍ട്ടിയുടെ കണ്ണുംകാതുമായ ധീരേതിഹാസങ്ങളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പുഷ്പചക്രമര്‍പ്പിച്ച് പിണറായി വിജയനും കൂട്ടരും നടന്നുകയറുന്നത് പുതിയൊരു വിപ്ലവചരിത്രത്തിലേക്കാണ്. വെല്ലുവിളികള്‍ മാത്രം നിറഞ്ഞൊരു കാലത്ത് എന്ത് അത്ഭുതമാണ് ഇവര്‍ കാണിക്കാന്‍ പോകുന്നതെന്ന വലിയ കൗതുകത്തിനും ആരംഭമാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here