തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 ഹാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
എണ്ണക്കൂടുതലുള്ള തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണും. അതിനാല്‍ ആദ്യ ഫലസൂചനകള്‍ വൈകും. വോട്ടെണ്ണലിന് ഒരു മണിക്കൂര്‍ മുമ്പുവരെയാണ് തപാല്‍ ബാലറ്റ് സ്വീകരിക്കുക.
ഏഴ് മേശകള്‍
ഓരോ ഹാളിലും ഇക്കുറി ഏഴ് മേശകള്‍. ഓരോ മേശയിലും കൗണ്ടിങ് സൂപ്പര്‍ വൈസറും അസിസ്റ്റന്റും കൗണ്ടിംങ് ഏജന്റുമാരും ഉണ്ടാകും. തപാല്‍ വോട്ട് എണ്ണുന്ന മേശകളുടെ എണ്ണം ആവശ്യമെങ്കില്‍ രണ്ടാക്കാനും നിര്‍ദേശമുണ്ട്. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത്. ഇത്തവണ കോവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാനാണ് ഒരു ഹാളില്‍ ഏഴു മേശകളാക്കിയത്. പോളിങ് ബൂത്തുകള്‍ ഇത്തവണ 89 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനനുസരിച്ച് ഇ.വി.എമ്മുകളിലും വര്‍ധനയുണ്ടായി.
മേശകളില്‍ സംഭവിക്കുന്നത്
1 വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂം രാവിലെ ഏഴരയോടെ വരണാധികാരി സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുറക്കുന്നു. ചാര്‍ജ് ഓഫീസര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റെടുത്ത് സുരക്ഷിതമായി വോട്ടെണ്ണല്‍ ഹാളിലേക്ക്.
2 വോട്ടെണ്ണല്‍ ഹാളില്‍ ഓരോമേശയ്ക്കും സൂപ്പര്‍ വൈസര്‍, അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. പ്രധാനഹാളില്‍ വരണാധികാരിയും മറ്റുഹാളുകളില്‍ എ.ആര്‍.ഒയുമുണ്ടാകും. 150 ചതുരശ്ര അടി സ്ഥലമാണ് ഒരുകൗണ്ടിങ് ടേബിളിനു ചുറ്റുമുണ്ടാകുക. സമീപം ബാരിക്കേഡിനു പുറത്ത് ഓരോ സ്ഥാനാര്‍ഥിയുടെയും കൗണ്ടിങ് ഏജന്റുമാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിപ്പിടം.
3 കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രത്തിന്റെ സീല്‍പൊട്ടിക്കും. ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഡിസ്പേ്ള നോക്കി വോട്ട് വിവരം രേഖപ്പെടുത്തുന്നു. അസിസ്റ്റന്റും നിരീക്ഷകനും ഈ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുതിയും വോട്ടിങ് വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്.
4 വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ നിരീക്ഷകനും വരണാധികാരിയും അതംംഗീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ എന്ന സൈറ്റിലേക്ക് വിശദാംശങ്ങള്‍ നല്‍കും.
21 കൂടുതല്‍ ബൂത്തുകള്‍
മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി ഓരോ റൗണ്ടിലും 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ ഓരോ റൗണ്ടിലും 14 ബൂത്തുകളാണ് എണ്ണിയിരുന്നത്.
50496 വോട്ടിങ് മെഷീനുകള്‍
റിസര്‍വ് ഉള്‍്പടെ 50496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 54349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ ഉപയോഗിച്ചത്.
തപാല്‍ ബാലറ്റ് എണ്ണല്‍
തപാല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് ഓരോ മേശയിലും എ.ആര്‍.ഒ.യെ നിയോഗിച്ചിട്ടുണ്ട്. ഇ.വി.എം. എണ്ണുന്നതുപോലെ ഉദ്യോഗസ്ഥരും ഏജന്റുമാരും ഇവിടേയുമുണ്ട്. ഒരുമേശയില്‍ 500 വോട്ടുകളാണ് എണ്ണുന്നത്.അസാധുവായ ബാലറ്റ് തള്ളും. സര്‍വീസ് വോട്ടുകള്‍ ക്യു.ആര്‍ കോഡുപയോഗിച്ച് നമ്പരും മറ്റും പരിശോധിക്കും. തപാല്‍ ബാലറ്റുകള്‍ പൂര്‍ണമായും എണ്ണിത്തീര്‍ന്ന ശേഷമേ ഇ.വി.എമ്മിലെ അവസാനറൗണ്ട് എണ്ണുകയുള്ളു.
454237 തപാല്‍ വോട്ടുകള്‍ തിരികെ ലഭിച്ചു
5,84,238 തപാല്‍ ബാലറ്റുകളാണ് ആകെ വിതരണം ചെയ്തത്. ഏപ്രില്‍ 28 വരെ തിരികെ ലഭിച്ച തപാല്‍ ബാലറ്റുകള്‍ 4,54,237 ആണ്.
കോവിഡ് ചട്ടങ്ങള്‍
- ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നോഡല്‍ ഓഫീസര്‍. ഇതിന് നോഡല്‍ ഹെല്‍ത്ത് ഓഫീസറുടെ സഹായവുമുണ്ടാകും.
- കോവിഡ് പരിശോധനയില്‍നെഗറ്റീവ് ആയതിന്റെ ഫലമോ രണ്ടുഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളേയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറ്റില്ല.
- വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ജനങ്ങള്‍ കൂട്ടം കൂടരുത്.