‘ഇക്കുറിയും തോൽവിയില്ല‘; ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ ഉത്തരവ്

0
542

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ ഉത്തരവ്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകണം.

സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കണം. അധ്യാപകർ ‘വർക്ക് ഫ്രം ഹോം’ സാധ്യത ഉപയോഗപ്പെടുത്തി മേയ് 25-നകം ക്ലാസ് കയറ്റ നടപടികൾ പൂർത്തിയാക്കണം. അധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ നടത്താം. ലോക്ഡൗൺ പിൻവലിച്ചതിനുശേഷം രേഖകൾ പരിശോധിച്ച് പ്രഥമാധ്യാപകർ പ്രവേശനനടപടികൾ പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. ഇതിനായി സമ്പൂർണ വഴിയുള്ള സംവിധാനം തുടരാം.

LEAVE A REPLY

Please enter your comment!
Please enter your name here