സിപിഎമ്മിന് 12 മന്ത്രിമാര്‍: എല്ലാവരും പുതുമുഖങ്ങളാകുമോ? ശൈലജയുടെ കാര്യത്തില്‍ ചര്‍ച്ച

0
303

കോഴിക്കോട്‌: സിപിഎമ്മില്‍ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മന്ത്രിമാര്‍ ആരൊക്കെയെന്ന് അന്തിമ തീരുമാനം നാളെയുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാര്‍ സിപിഎമ്മില്‍ നിന്നുണ്ടായിരുന്നു. ഇത്തവണ മുന്നണിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്ളതിനാല്‍ എംഎല്‍എമാര്‍ കൂടിയിട്ടും ഒരു മന്ത്രിസ്ഥാനം വിട്ടുകൊടുക്കാന്‍ സിപിഎം തത്വത്തില്‍ ധാരണയിലെത്തിയതായാണ് വിവരം.

പിണറായി ഒഴികെ മന്ത്രിസഭയില്‍ എല്ലാവരും പുതുമുഖങ്ങളാവുക, അല്ലെങ്കില്‍ ഒന്നോ രണ്ടോ പേര്‍ തുടരുകയും ബാക്കി പുതുമുഖങ്ങള്‍ വരിക എന്നീ രണ്ട് ഫോര്‍മുലകളാണ് ചര്‍ച്ചയിലുള്ളത്. കോവിഡ് രണ്ടാം തരംഗം കേരളത്തില്‍ രൂക്ഷമായിരിക്കേ ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയായി തുടരാനാണ് എല്ലാ സാധ്യതയും. നിലവിലെ മന്ത്രിമാരില്‍ ഒരാളെങ്കിലും തുടരുകയാണെങ്കില്‍ അത് ശൈലജ ടീച്ചറാകും.

എ.സി. മൊയ്തീന്‍ മന്ത്രിസഭയിലുണ്ടാകുന്നില്ലെങ്കില്‍ മുസ്ലിം പ്രാതിനിധ്യമായി മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍ എന്നിവരെ പരിഗണിച്ചേക്കും. യുവജന സംഘടനാ പ്രാതിനിധ്യവും ഇവര്‍ക്ക് അനുകൂല ഘടകമാണ്.

എല്ലാവരും പുതുമുഖങ്ങള്‍ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ മന്ത്രി കെ.കെ. ശൈലജയുടെ റോള്‍ എന്താകും എന്നതാണ് സസ്‌പെന്‍സ്. ഇത്തവണ ഒരു വനിതയെ സ്പീക്കറാക്കാനുള്ള സാധ്യതയും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ശൈലജ ടീച്ചറെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിച്ചേക്കാം.

വനിതകളില്‍ വീണാ ജോര്‍ജ് മന്ത്രിയാകുമെന്ന് ഉറപ്പാണ്. ശൈലജ മന്ത്രിയായി തുടര്‍ന്നാല്‍ വീണാ ജോര്‍ജാകും സ്പീക്കര്‍. കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും മന്ത്രിമാരാകുമെന്ന് ഉറപ്പാണ്.

മന്ത്രിമാരായി വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, വി.എന്‍ വാസവന്‍, എം. ബി. രാജേഷ്, പി. നന്ദകുമാര്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍. കെ.ടി. ജലീലിനെ മാറ്റിനിര്‍ത്തിയാല്‍ വി. അബ്ദുറഹ്‌മാനെ പരിഗണിക്കാനിടയുണ്ട്.

സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെ നിശ്ചയിച്ചാല്‍ വനിതകളില്‍ ഒരാള്‍ മാത്രം മന്ത്രിയാകാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ പോലെ രണ്ട് വനിതകള്‍  വേണമെന്ന് തീരുമാനിച്ചാല്‍ കാനത്തില്‍ ജമീലയ്ക്ക് സാധ്യത തെളിയും. പാലക്കാട് ജില്ലാ പ്രാതിനിധ്യവും ചെറുപ്പവും എം.ബി രാജേഷിന് തുണയാകുമ്പോള്‍ സീനിയോറിറ്റി കണക്കിലെടുത്താന്‍ മമ്മിക്കുട്ടിക്ക് നറുക്ക് വീണേക്കാം.

ഇത്തവണ കേരള കോണ്‍ഗ്രസും എല്‍ജെഡിയും പുതുതായി മുന്നണിയിലെത്തി. ഇതില്‍ അഞ്ച് എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം ഉറപ്പാണ്. രണ്ട് മന്ത്രിസ്ഥാനത്തിന് അവര്‍ സമ്മര്‍ദം തുടരുന്നു. അതിനുള്ള സാധ്യത ഇല്ലെന്ന് സിപിഎം ആദ്യറൗണ്ട് ചര്‍ച്ചയില്‍ തന്നെ അറിയിച്ചിരുന്നു. രണ്ടാം മന്ത്രി ഇല്ലെങ്കില്‍ ചീഫ് വിപ്പ് പദവി അവർ ആവശ്യപ്പെടുന്നുണ്ട്.

സിപിഐക്ക് ഇത്തവണയും നാല് മന്ത്രിമാരുണ്ടാകും. ഒപ്പം ഡെപ്യൂട്ടി സ്പീക്കറും സിപിഐയില്‍ നിന്നാകും. ഒറ്റ എംഎല്‍എമാര്‍ വീതമുള്ള അഞ്ച് കക്ഷികളുണ്ട്. ഇതില്‍ ആരെയൊക്കെ മന്ത്രിസഭയില്‍ എടുക്കണം എന്ന്  പാര്‍ട്ടി നേതാക്കളുമായി സിപിഎം ഇന്നും നാളെയുമായി നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനം അറിയിക്കും. ഇതില്‍ നിലവിലെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇത്തവണ അവസരമുണ്ടാകില്ല.

എന്നാല്‍ കഴിഞ്ഞ തവണ മാറ്റിനിര്‍ത്തിയ കെ.ബി ഗണേഷ്‌കുമാറിന് ഇത്തവണ അവസരം കിട്ടിയേക്കും. അങ്ങനെയെങ്കില്‍ ഗതാഗത വകുപ്പ് തന്നെ നല്‍കാനാണ് സാധ്യത. ഒരംഗമുള്ള എല്‍ജെഡിയും മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ കക്ഷികള്‍ക്കും മന്ത്രിസ്ഥാനം കിട്ടിയേക്കും.

ഈ രണ്ട് കക്ഷികള്‍ക്കുമായി രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാനുള്ള ധാരണയ്ക്കും ചര്‍ച്ചനടക്കുന്നുണ്ട്. അല്ലെങ്കില്‍ ആന്റണി രാജു മന്ത്രിയും ഐഎന്‍എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവില്‍ ചീഫ് വിപ്പുമായേക്കാം. രണ്ടരവര്‍ഷം വീതംവെക്കുകയാണെങ്കില്‍ ആന്റണി രാജുവിനാകും ആദ്യം ടേം ലഭിക്കുക. അങ്ങനെയെങ്കില്‍ ചീഫ് വിപ്പ് പദവി കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here