മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനിക്ക് മിന്നുന്ന ജയം.
ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി.സാനുവിനെയാണ് പരാജയപ്പെടുത്തിയത്. സമദാനിക്ക് 5,38,248 വോട്ടും വി.പി.സാനുവിന് 4,23,633 വോട്ടും ലഭിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി എ.പി.അബ്ദുല്ലക്കുട്ടിക്ക് 68,935 വോട്ടാണ് ലഭിച്ചത്.
ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ഒന്നരലക്ഷത്തിലേറെ ഭൂരിപക്ഷം നേടി കോട്ട പോലെ കാത്ത മണ്ഡലമാണ് മലപ്പുറം. 2014ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ഇ.അഹമ്മദിന്റെ ഭൂരിപക്ഷം 1,94,379 ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ 5 ലക്ഷം വോട്ടു നേടിയ ആദ്യ സ്ഥാനാര്‍ഥിയായെങ്കിലും ഭൂരിപക്ഷം 1,71,023 ആയിരുന്നു. എന്നാല്‍ 2019ല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,153 ആയി. കുഞ്ഞാലിക്കുട്ടിക്ക് 5,89,873 വോട്ടും വി.പി.സാനുവിന് 3,29,720 വോട്ടും ബിജെപിയുടെ വി.ഉണ്ണിക്കൃഷ്ണന് 82,332 വോട്ടുമാണ് ലഭിച്ചത്.