സത്യപ്രതിജ്ഞ തിങ്കളാഴ്ച, ഒരുക്കങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി പിണറായി; റിപ്പോര്‍ട്ട്

0
749

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം കിട്ടിയാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. ഞായറാഴ്ച തെരഞ്ഞെടുപ്പു ഫലം വന്ന് തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞയ്ക്കു തയാറെടുപ്പുകള്‍നടത്താന്‍ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്ഭവനില്‍ ലളിതമായ ചടങ്ങിലായിക്കും സത്യപ്രതിജ്ഞ. ഒന്നുകില്‍ മുഖ്യമന്ത്രി മാത്രമോ അല്ലെങ്കില്‍ മൂന്നോ നാലോ സീനിയര്‍ മന്ത്രിമാരോ മാത്രമാവും തിങ്കളാഴ്ച സ്ഥാനമേല്‍ക്കുക. സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ നടത്താന്‍ ഈയാഴ്ച തുടക്കത്തില്‍ തന്നെ പൊതു ഭരണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പിണറായി നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പു ഫലം വന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുക. കഴിഞ്ഞ തവണ മെയ് 19ന് തെരഞ്ഞെടുപ്പു ഫലം വന്ന് ആറു ദിവസത്തിനു ശേഷമാണ് പിണറായി സ്ഥാനമേറ്റത്.

നിലവിലെ സര്‍ക്കാര്‍ രാജിക്കത്ത് നല്‍കി പിന്നീട് എപ്പോള്‍ വേണമെങ്കിലും പുതിയ സര്‍ക്കാരിന് സ്ഥാനമേല്‍ക്കാം എന്നതാണ് ചട്ടം. പുതിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുത്താല്‍ നടപടിക്രമങ്ങള്‍  പൂര്‍ത്തിയാവും. വലിയ മുന്നണിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കണമെന്നാണ് ചട്ടം.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെയൊരു നീക്കം നടത്തിയതെന്നാണ് സൂചന. അധികാരമാറ്റത്തിന് ഇടവേള വരുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താറുമാറുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഉന്നത വൃത്തങ്ങള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here