സംസ്ഥാനത്ത് സ്കൂളുകൾ തന്നെ തുറക്കാൻ നിർദേശം. കോവിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വെവ്വേറെ വിളിച്ച ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും.
പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വർഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് രാവിലെ 11.30ന് വാർത്താസമ്മേളനം നടത്തും.
ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. അതേസമയം പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാകാത്തതിനാൽ തീരുമാനം വൈകും. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ ലഭിക്കും.
ഇൗമാസം അവസാനത്തോടെ ക്ലാസ് പൂർത്തിയാകുന്ന പ്ലസ് വൺ വിദ്യാർഥികൾക്ക് പ്ലസ് ടു ക്ലാസുകൾ തുടങ്ങുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കും. ഇവർക്ക് പ്ലസ് വൺ പരീക്ഷ നടത്തുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമായിട്ടില്ല.
കോളജുകളിലും സർവകലാശാലകളിലും ജൂൺ ഒന്നിനുതന്നെ അധ്യയന വർഷം തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച സർവകലാശാല വൈസ്ചാൻസലർമാരുടെ യോഗത്തിലാണ് ധാരണയായത്. ജൂൺ 15 മുതൽ അവസാന വർഷ ബിരുദ, ബിരുദാന്തര കോഴ്സുകളുടെ പരീക്ഷകൾ ഷെഡ്യൂൾ ചെയ്യാനും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കാനുമുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദേശിച്ചു.
സാേങ്കതിക സർവകലാശാലയും കുസാറ്റും അവസാന വർഷ പരീക്ഷകൾ ഒാൺലൈനായി നടത്താൻ തീരുമാനിച്ചത് യോഗത്തിൽ അറിയിച്ചു. മറ്റ് സർവകലാശാലകൾ കോവിഡ് സാഹചര്യം വിലയിരുത്തി പരീക്ഷ നടത്തിപ്പിൽ തീരുമാനമെടുക്കുമെന്നും യോഗത്തിൽ അറിയിച്ചു.