തിരുവനന്തപുരം: ഇന്ന് 31950 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 112635 പേര്‍ക്ക് പരിശോധന നടത്തി. 49 പേര്‍ മരിച്ചു. സംസ്ഥാനത്ത് 339441 പേര്‍ ചികിത്സയിലുണ്ട്. ഒരാഴ്ച മുൻപ് 198576 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. സംസ്ഥാനത്ത് തുടർച്ചയായി ആറാം ദിവസവും 30000-ൽ അധികം പ്രതിദിന കോവിഡ് രോഗികളുണ്ടായത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നും 31000-ൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12000 ടെസ്റ്റുകളാണ് കേരളത്തിൽ നടത്തിയത്.
രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി. ഈ സന്തോഷമാണ് പങ്കുവെക്കാനുള്ളത്. പക്ഷെ ഇത്തരമൊരു വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് കൊവിഡ് കണക്കുകൾ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. സമയം അനുയോജ്യമല്ലാത്തതിനാൽ വലിയ തോതിൽ ആഘോഷത്തിന് തയ്യാറെടുത്തവരടക്കം ആഘോഷ കാര്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. അതിന് കാരണം കൊവിഡ് വ്യാപനമാണ്.
സമൂഹമെന്ന നിലയിൽ നമ്മള്‍ സ്വീകരിക്കുന്ന മുൻകരുതൽ എല്ലാവരും പൊതുവെ അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കിൽ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കും.നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാൽ, സ്വയം നിയന്ത്രണങ്ങളിൽ ഒരു കുറവും വരുത്താൻ പാടില്ല. എവിടെയും ജനക്കൂട്ടം കൂടിനിൽക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് യാന്ത്രികമായല്ല പ്രതികരിക്കേണ്ടത്. ഇത് സ്വന്തം ആവശ്യമാണെന്ന് കണ്ട് ഓരോരുത്തരും നിയന്ത്രണത്തിന്റെ ഭാഗമാകണം. ഇന്നത്തെ ദിവസം വലിയ ആഘോഷങ്ങള്‍ നാടാകെ നടക്കേണ്ട ദിവസമാണ്. എന്നാൽ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അത്തരം ആഘോഷം ഒഴിവാക്കാൻ കേരള ജനത തയ്യാറായത് അഭിമാനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.