മുസ്ലിം ലീഗിനെ ട്രോളി മൂരികളുടെ ഫോട്ടോയുമായി പിവി അന്‍വര്‍; മൂരികളെന്ന പേരില്‍ പോസ്റ്റ് ചെയ്തത് പശുക്കളെ; പിന്നീട് തിരുത്ത്

0
306

ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീംലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഏറ്റെടുത്ത് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മുസ്ലിം ലീഗിനെ ട്രോളിക്കൊണ്ട് ഫേസ്ബുക്കില്‍ മൂരികളുടെ ചിത്രമാണ് പിവി അന്‍വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രമായിരുന്നു എംഎല്‍എ പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് ചൂണ്ടിക്കാണിച്ചതോടെ യഥാര്‍ത്ഥ മൂരികളുടെ ചിത്രം പിവി അന്‍വര്‍ പോസ്റ്റ് ചെയ്തു.

‘കൃത്യം..വ്യക്തം..അതായത് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ലീഗ് അണികള്‍ക്ക് ആനയായിരിക്കാം.. മറ്റുള്ളവര്‍ക്ക് ഒരു ചേന പോലുമല്ല,’ എന്നായിരുന്നു എംഎല്‍എയുടെ ആദ്യ പോസ്റ്റ്. എന്നാല്‍ ഇതില്‍ പശുക്കളുടെ ചിത്രമായിരുന്നു കൊടുത്തത്. പിന്നീട് ചിത്രം മാറിപ്പോയെന്നു പറഞ്ഞ പിവി അന്‍വര്‍ യഥാര്‍ത്ഥ മൂരികളുടെ ചിത്രം പോസ്റ്റ് ചെയ്തു.

‘മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല’എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമര്‍ശം സൂചിപ്പിച്ച് ഈ പേജില്‍ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയില്‍
പെടുത്തിയിരുന്നു.തെറ്റ് വന്നതില്‍ ഖേദിക്കുന്നു.ഒര്‍ജ്ജിനല്‍ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു.,’ പിവി അന്‍വറിന്റെ രണ്ടാമത്തെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീം ലീഗ് നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് താന്‍ കണ്ടതെന്നും മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീംജനവിഭാഗത്തിന് ഇടതുമുന്നണി സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്തതായാണ് ഞാന്‍ കണ്ടത്. എതിര്‍ത്തത് ഞാന്‍ കണ്ടിട്ടില്ല. വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൊണ്ട് ഏതെങ്കിലും വിഭാഗത്തിന് ആശങ്കയുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. മുസ്ലീംലീഗ് അല്ല വകുപ്പ് നിശ്ചയിക്കുന്നത്. മുസ്ലീം ജനവിഭാഗത്തിന്റെ കാര്യം പറഞ്ഞാല്‍ അവര്‍ ന്യൂനപക്ഷ വിഭാഗമാണ്. അവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ട്, ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നത് എല്ലാവര്‍ക്കും അറിയാം. മുസ്ലീം ലീഗിന് അല്ല മുസ്ലീം ജനവിഭാഗത്തിന്റെ അട്ടിപ്പേറ് അവകാശം. അത് പേരില്‍ മാത്രമേയുള്ളൂ. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് പൊതുവില്‍ തീരുമാനിച്ചതാണ്. നേരത്തെ കെടി ജലീല്‍ നല്ലരീതിയില്‍ കൈകാര്യം ചെയ്ത വകുപ്പാണിത്. ഫലപ്രദമായി തന്നെ കാര്യങ്ങള്‍ നീക്കിയിരുന്നു. വകുപ്പിനെക്കുറിച്ച് പരാതികളെ ഉണ്ടായിട്ടില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തു വന്നിരുന്നു. വസ്തുത പറയുമ്പോള്‍ അട്ടിപ്പേറവകാശമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ചില സമുദായങ്ങള്‍ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് ശരിയാവില്ലെന്ന് പറയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് വകുപ്പ് കൊടുക്കുന്നു എന്നതല്ല. കൊടുത്തിട്ട് തിരിച്ചെടുക്കുന്നത് അപമാനിക്കുന്നതാണ്. ഒരു സമുദായത്തിന്റെ പേര് പറഞ്ഞാണ് തിരിച്ചെടുക്കുന്നത്. അത് സമുദായത്തെ തന്നെ അപമാനിക്കുന്നതാണ്. അതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here