മന്ത്രിക്ക് തുല്യമായ പദവിയും വസതിയും കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 സ്റ്റാഫും കാറും എസ്കോർട്ടും; പ്രതിപക്ഷ നേതാവും ആരും കൊതിക്കുന്ന പദവി തന്നെ

0
475

തിരുവനന്തപുരം: ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പെഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാറും കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റാണ് അനുവദിക്കുക. നിയമസഭയിൽ പ്രത്യേക ഓഫിസ് മുറിയും. ഇത്രയൊക്കെ സൗകര്യങ്ങൾ അനുവദിക്കുമ്പോൾ സംസ്ഥാനത്തെ തന്നെ വിവിഐപികളിൽ മുൻനിരയിലാണ് പ്രതിപക്ഷ നേതാവ്.

ഇതുകൂടാതെ പ്രതിപക്ഷ നേതാവിനു സ്വന്തം മുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നേടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാനും എളുപ്പമായിരിക്കും. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായി വിഡി സതീശൻ ചുമതലയേൽക്കുകയാണ്.

കേരളത്തിൽ പി ടി ചാക്കോ, ഇംഎംഎസ് നമ്പൂതിരിപ്പാട്, കെ കരുണാകരൻ, ടികെ രാമകൃഷ്ണൻ, പികെ വാസുദേവൻ നായർ, ഇകെ നായനാർ, വിഎസ് അച്യുതാനന്ദൻ, എകെ ആന്റണി, ഉമ്മൻചാണ്ടി ഏറ്റവും ഒടുവിലായി രമേശ് ചെന്നിത്തല എന്നിവരൊക്കെ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നവരാണ്. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രിസ്ഥാനമോ വഹിച്ചിട്ടുള്ളവരുമാണ്.

മുഖ്യമന്ത്രിയാകാൻ ഭാഗ്യമുണ്ടാകാത്തത് 3 പേർക്കു മാത്രം. ആദ്യ പ്രതിപക്ഷ നേതാവായ പിടി ചാക്കോ, ടികെ രാമകൃഷ്ണൻ, ഇപ്പോൾ രമേശ് ചെന്നിത്തല.

chennithala 1

ഇതിനിടെ, വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചതോടെ തന്നെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിയാൻ തന്റെ സ്റ്റാഫിനു ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വീടും കാറും അടക്കമുള്ളവ ടൂറിസം വകുപ്പ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഔദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോൾ സർക്കാർ ആവശ്യമായ അറ്റകുറ്റപ്പണികൾക്കു ശേഷം വസതി വിഡി സതീശനു കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here