പ്രയാഗ്‌രാജില്‍ ഗംഗാതീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍

0
257

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ ഗംഗാ തീരത്ത് മണലില്‍ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച യു.പിയിലെ ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും അഴുകിത്തുടങ്ങിയ നിരവധി മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകിയെത്തിയത് ആശങ്ക ഉയര്‍ത്തിയിരുന്നു. സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് മണലില്‍ കുഴിച്ചിട്ട നിലയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ജനങ്ങളുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

ത്രിവേണി സംഗമത്തിനടുത്തുപോലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് പ്രദേശവാസിയായ ദിവ യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുന്നതോടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പലതും പുറത്തുവരുന്നു. നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രവേശവാസി പറഞ്ഞു. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറണമെന്നും ഇത്തരം വിഷയങ്ങളില്‍ ഉടന്‍ ഇടപെടണമെന്നും സഞ്ജയ് ശ്രീവാസ്തവ എന്ന മറ്റൊരു നാട്ടുകാരന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മൃതദേഹങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തത് സ്ഥിതിഗതികള്‍ ഇനിയും മോശമാക്കുമെന്നും രോഗബാധ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ നിസ്സഹായരാണ്. പലര്‍ക്കും ബന്ധുക്കളുടെ മൃതദേഹം ശരിയായി സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകതന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയുണ്ടെനന്ന് പ്രദേശവാസികള്‍ പറയുന്നു. അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തര്‍ പലരും ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് നിര്‍ത്തിയെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Prayagraj
യുപിയിലെ പ്രയാഗ്‌രാജില്‍നിന്നുള്ള ദൃശ്യം. Photo – PTI

400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗാതീരത്തെ മണലില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് കണ്‍വര്‍ജിത്ത് തിവാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിരവധിപേര്‍ സ്‌നാനം ചെയ്യാന്‍ വന്നിരുന്ന സ്ഥലമാണിത്. എന്നാല്‍ ഇപ്പോള്‍ ഇവിടേക്ക് വരാന്‍ ജനങ്ങള്‍ മടിക്കുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുപിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഗാസിപൂരിലും ബിഹാറിലെ ബക്‌സറിലും കഴിഞ്ഞ ആഴ്ചയാണ് നദിയില്‍ ഒഴുകുന്ന നിലയില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയില്‍ ആയിരുന്നു. എന്നാല്‍ പ്രയാഗ്‌രാജില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ ഇത്രയധികം കണ്ടു തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഗംഗാ തീരത്ത് ഇത്തരത്തിലുള്ള കാഴ്ചകള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് നാട്ടുകാരനായ സഞ്ജയ് ശ്രീവാസ്തവ പറയുന്നു. ആയിരക്കണത്തിന് മൃതദേഹങ്ങളാണ് ഉള്ളതെന്നാണ് അദ്ദേഹം പറയുന്നത്. സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുന്ന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പ്രദേശത്തെ ശുചിത്വം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ഇതുവരെ 16,957 പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here