പോരാട്ടഭൂമിയില്‍ നിന്നാണ് പിഎ മുഹമ്മദ് റിയാസ് എന്ന യുവജന നേതാവ് മന്ത്രിപദവിയിലെത്തുന്നത്. ബേപ്പൂരില്‍നിന്ന് ജയിച്ചെങ്കിലും മന്ത്രിമാര്‍ ആരൊക്കെയാകും എന്ന ചര്‍ച്ചകളില്‍ റിയാസിന്റെ പേര് അത്രയൊന്നും ഉയര്‍ന്നുകേട്ടില്ല. പഴയ മുഖങ്ങളെ മാറ്റി പുതിയവര്‍ക്ക് അവസരം നല്‍കിയപ്പോള്‍ റിയാസിനെ പാര്‍ട്ടി കൈവിട്ടില്ല.
യുവജനസംഘടനയായ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന സ്ഥാനത്തിരിക്കെ ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷനെന്ന നിലയില്‍ നിന്ന് മന്ത്രി പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് മുഹമ്മദ് റിയാസ്. ബേപ്പൂരില്‍ നേടിയ മികച്ച വിജയത്തിന്റെ കരുത്തിലാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ റിയാസെത്തുന്നത്.
കോഴിക്കോട് കോട്ടൂളി സ്വദേശിയും മുന്‍ പൊലീസ് സൂപ്രണ്ടുമായ പി.എം അബ്ദുള്‍ ഖാദറിന്റെ മകനായ റിയാസ് എസ്എഫ്‌ഐയിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കോഴിക്കോട് ഫറൂഖ് കോളജില്‍ പ്രീഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ റിയാസ് ലോ കോളജില്‍ നിന്ന് നിയമബിരുദവും നേടി. 1993ല്‍ സിപിഎം അംഗമായ റിയാസിനെ കേരളം ആദ്യമായി ശ്രദ്ധിച്ചത് 2009ല്‍. അന്ന് വീരേന്ദ്രകുമാറിന് നിഷേധിച്ച കോഴിക്കോട് സീറ്റില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി.
അതും കോഴിക്കോട്ടെ പാര്‍ട്ടിയിലെ നിരവധി പ്രമുഖരെ മറികടന്ന്. കന്നി മല്‍സരത്തില്‍ 838 വോട്ടുകള്‍ക്ക് എം കെ രാഘവനോട് തോറ്റു. എങ്കിലും ഡിവൈഎഫ്‌ഐയിലും സിപിഎമ്മിലും റിയാസിന് പിന്നീട് പടിപടിയായി ഉയര്‍ച്ചയുടെ നാളുകളായിരുന്നു. 2017ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി. വൈകാതെ സിപിഎം സംസ്ഥാന സമിതിയിലുമെത്തി. പൗരത്വ നിയമ ഭേധഗതിക്കെതിരെയുളള സമരമടക്കം ദേശിയ തലത്തില്‍ ശ്രദ്ധ നേടിയ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കഴിഞ്ഞ വര്‍ഷമായിരുന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായുളള വിവാഹം. ഇക്കുറി ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചത് 28747 വോട്ടിന്. തോല്‍പ്പിച്ചത് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ. ടി പി രാമകൃഷ്ണന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങി കോഴിക്കോട്ട് നിന്ന് ജയിച്ച സിപിഎമ്മിലെ നിരവധി പ്രമുഖരെ മറികടന്നാണ് രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിപദവിയേലക്കുളള റിയാസിന്റെ കടന്നുവരവ്.