ലോക്ഡൗണിൽ സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് പരിശോധന കർശനമാണ്. പൊലീസ് പിടിക്കുമോ എന്ന് പേടിച്ചാണ് പലരും പുറത്ത് ഇറങ്ങാതിരിക്കുന്നത്. പേടിക്കാനും വിരട്ടാനും മാത്രമല്ല പൊലീസ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് പാണ്ടിക്കാട് സിഐ അമൃതരംഗൻ.
സഹോദരിയുടെ ചികിൽസയ്ക്ക് അത്യാവശ്യമായി ട്രിപ്പിൾ ലോക്ഡൗണിനിടയിൽ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കിയാണ് അമൃതരംഗൻ മാതൃകയാകുന്നത്. സംഭവം ഇങ്ങനെ: ബൈക്കിൽ ഫോൺ ചെയ്തു വരുന്ന യുവാവിനെ കൈകാട്ടി നിർത്തി എന്താണ് പ്രശ്നം എന്ന് ചോദിച്ചു. പെങ്ങളുടെ ഓപ്പറേഷന് രക്തം വേണം എന്ന് പറഞ്ഞു. കാര്യത്തിൽ ഗൗരവം മനസിലാക്കിയ അമൃതരംഗൻ യുവാവിനെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തിൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി അതിവേഗം ആശുപത്രിയിൽ എത്തിച്ചു നൽകി
നിരവധിപ്പേരാണ് സിഐ അമൃതരംഗനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്നത്തെ കയ്യടി ഇദ്ദേഹത്തിന് കൊടുക്കാം എന്ന തലക്കെട്ടോടെയാണ് ഈ വാർത്ത പലരും പങ്കുവയ്ക്കുന്നത്. കർമനിരതനായ ഈ ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ടെന്നാണ് സൈബറിടത്തെ വാഴ്ത്തുകൾ.