ന്യൂദല്‍ഹി: ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ വിവിധ മാധ്യമ സംഘടനകള്‍ അറിയിച്ചു.
ഇന്ത്യന്‍ വുമണ്‍സ് പ്രസ്സ് കോര്‍പ്പറേഷന്‍, ദി പ്രസ്സ് അസോസിയേഷന്‍, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്.
ആക്രമിക്കപ്പെട്ട കെട്ടിടം മാധ്യമപ്രവര്‍ത്തകരുടെ താമസസ്ഥലം കൂടിയായിരുന്നുവെന്നും ഗാസയിലെ ആക്രമണങ്ങള്‍ പുറംലോകത്തറിയിക്കുന്നതില്‍ നിന്ന് വിലക്കാനാണ് മാധ്യമങ്ങള്‍ക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടായതെന്നും മാധ്യമസംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഗാസയിലെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനത്തേക്ക് ഇസ്രാഈല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും എന്തുവിലകൊടുത്തും ആക്രമണം ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സംഘടന തലവന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
ഗാസയിലെ അല്‍ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഇസ്രാഈല്‍ സൈന്യം കഴിഞ്ഞദിവസം ബോംബാക്രമണം നടത്തിയത്.
തുടര്‍ച്ചയായ ആറ് ദിവസമായി ഇസ്രാഈല്‍ ഗാസയിലേക്ക് ബോംബാക്രമണം നടത്തുകയാണ്. നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ നടപടി.
ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. രണ്ട് സെക്കന്റിനുള്ളില്‍ എല്ലാം അപ്രത്യക്ഷമായെന്നായിരുന്നു ആക്രമണത്തെക്കുറിച്ച് അല്‍ജസീറ ലേഖകന്‍ സഫ്വത് അല്‍ കഹ്ലൗട്ടിന്റെ പ്രതികരണം.
മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രാഈല്‍ നടപടി യുദ്ധക്കുറ്റമായി കാണണമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്വര്‍ക്ക് അഭിപ്രായപ്പെട്ടു.