ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷം, കേസുകളും കൂടി; റിപ്പോര്‍ട്ട്

0
442

ഹരിദ്വാര്‍:ഉത്തരാഖണ്ഡിലെ കൊവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളയ്ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. കുംഭമേള അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3430 ആണ്. ഇതില്‍ ഏപ്രില്‍ ഒന്നിനും മെയ് ഏഴിനും ഇടയില്‍ 1,713 കൊവിഡ് 19 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനിടെ നടത്തിയ കുംഭമേളയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധിപേര്‍ എത്തിയിരുന്നു.

കുംഭമേളയില്‍ പങ്കെടുത്ത നിരവധിപേര്‍ക്ക് കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം വരുന്ന സന്യാസിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

13 സന്യാസി വിഭാഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഹരിദ്വാറിലെ കുംഭ മേളയില്‍ പങ്കെടുത്ത സന്ന്യാസി കൗണ്‍സിലുകളുടെ തലവനായ മഹാമണ്ഡലേശ്വര്‍ കപില്‍ ദേവ് ദാസ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

കാര്യങ്ങള്‍ കൈവിട്ടുപോയ ശേഷം മാത്രമായിരുന്നു കുംഭമേള പ്രതീകാത്മകമായി നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കൊവിഡ് വ്യാപനത്തിനിടെ കുംഭമേള നടത്താന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here