ഈജിപ്റ്റിന്റെ മധ്യസ്ഥ ഫോര്‍മുല ഫലം കണ്ടു; ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍

0
572

ദില്ലി: ഗാസയിൽ വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടിനിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. സഖ്യ കക്ഷിയായ അമേരിക്ക കൂടി നിലപാട് കടുപ്പിച്ചതോടെയാണ് വെടിനിർത്തൽ എന്ന ലോകരാജ്യങ്ങളുടെ ആവശ്യത്തിലേക്ക് ഇസ്രായേൽ ഇറങ്ങിവന്നത്. രാത്രി വൈകി ചേർന്ന സുരക്ഷാ കാബിനറ്റാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹമാസും അനുകൂലമായി പ്രതികരിച്ചതോടെ 11 ദിവസം നീണ്ട, യുദ്ധത്തിലേക്ക് എത്തുമോ എന്ന് സംശയിക്കപ്പെട്ട പോരാട്ടത്തിന് പരിസമാപ്തിയായി.

തൊട്ടുപിന്നാലെ ഇസ്രായേലിന്റെ വിശദീകരണവുമെത്തി. ഈജിപ്ത് മുൻകൈ എടുത്ത് നടത്തുന്ന സമാധാന ശ്രമങ്ങളോട് സഹകരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിന്റെയും ചാരസംഘടനയായ മൊസ്സാദിന്റെയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഉപാധികളില്ലാത്ത വെടിനിർത്തൽ എന്നും ഇസ്രായേൽ വിശദീകരണക്കുറിപ്പ് ഇറക്കി. ഇതിനുപിന്നാലെ വെടിനിർത്തൽ നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ബെഞ്ചമിൻ നെതന്യാഹുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.

രണ്ട് മണിയോടെ വെടിനിർത്തൽ നിലവിൽ വന്നതായി പ്രഖ്യാപിച്ച ഹമാസ്, ധാരണ പലസ്തീന്റെ ജയമാണെന്ന് പ്രതികരിച്ചു. അതേസമയം ഇരുവിഭാഗവും ധാരണ സ്ഥിരീകരിച്ചതിന് പിന്നാലെ റോക്കറ്റ് ആക്രമണത്തിന്റെ ഭാഗമായുള്ള സൈറൺ ഇസ്രായേലിൽ മുഴങ്ങിയത് ആശങ്ക പരത്തി. പിന്നാലെ, ഗാസയിൽ വ്യോമാക്രമണം നടന്നതായി വിദേശ വാർത്താ ഏജൻസിയുടെ പ്രതിനിധിയും വ്യക്തമാക്കി. ഇതിനോട് ഇരുവിഭാഗങ്ങളും പ്രതികരിച്ചിട്ടില്ല. വെടിനിർത്തൽ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി ഗാസയിലേക്ക് പ്രത്യേക സംഘത്തെ അയക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ കഴിഞ്ഞ 11 ദിവസമായി തുടരുന്ന സംഘർഷമാണ് അവസാനിക്കുന്നത്. 100 കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 232 പേർ ഗാസയിലും 12 പേർ ഇസ്രായേലിലും ഇതിനകം കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here