ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് നീട്ടിയത് സൗദി പ്രവാസികൾക്കും തിരിച്ചടി

0
238

റിയാദ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെ നീട്ടിയത് സൗദിയിലേക്കുള്ള മലയാളി പ്രവാസികളുടെ യാത്രാ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചു. യുഎഇയുമായുള്ള യാത്രാനിരോധം സൗദി അറേബ്യ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൗദിയിലേക്ക് വരാനുള്ള ഇന്ത്യൻ പ്രവാസികൾ യുഎഇ വഴി യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു.

നിലവിൽ ജൂൺ 14 വരെയായിരുന്നു ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക്. ഇതാണിപ്പോൾ ജൂൺ 30 വരെ നീട്ടിയിരിക്കുന്നത്. നേരത്തെ ചെയ്തിരുന്നതുപോലെ യു.എ.ഇയിൽ എത്തി അവിടെ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പ്രവേശിക്കാം എന്ന പ്രതീക്ഷയിലായിരുന്നു സൗദി പ്രവാസികള്‍. ജൂൺ 14ന് ശേഷം ഇത്തരത്തില്‍ യാത്ര സാധ്യമാവുമെന്നായിരുന്നു പ്രതീക്ഷ. അതാണ് ഇപ്പോൾ തകർന്നടിഞ്ഞത്. ഇനി യുഎഇ വഴിയുള്ള യാത്ര സാധ്യമാവുമോ എന്നറിയാന്‍ ജൂൺ 30 വരെ കാത്തിരിക്കണം.

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശാസ്യമായ നിലയിലല്ലെന്ന വിലയിരുത്തലിലാണ് സൗദി അറേബ്യയും യുഎഇയും. അതുകൊണ്ടുതന്നെ യാത്രാവിലക്ക് എപ്പോള്‍ അവസാനിക്കുമെന്ന കാര്യത്തില്‍ ആശങ്കയിലാണ് പ്രവാസികള്‍. സൗദി അറേബ്യയിലേക്ക് ഉടനെ ഇന്ത്യാക്കാർക്ക് നേരിട്ട് പ്രവേശനാനുമതി ലഭിക്കില്ലെന്നാണ് സൂചന. ബഹ്റൈന്‍ വഴിയുള്ള  സൗദി യാത്രയും മുടങ്ങി. സൗദി വിസയുള്ളവർ ഏറെ ആശങ്കയോടെയാണ് ഇപ്പോള്‍  നാട്ടിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here