കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി പാകിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ബാര്‍ബഡോസ് ട്രിഡന്റ്‌സിന് വേണ്ടിയാവും താരം കളിക്കുക. ഓഗസ്റ്റ് 28 മുതല്‍ സെയിന്റ് കിറ്റ്സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാകിസ്ഥാന്‍ മാനേജ്‌മെന്റുമായി തെറ്റി പിരിഞ്ഞ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ വിട്ട താരം കുടുംബത്തോടൊപ്പം യു.കെയിലാണ് താമസം. അതിനാല്‍ തന്നെ ആമിറിന്റെ ഓരോ നീക്കവും പാകിസ്ഥാന്‍ ക്രിക്കറ്റ് കരുതലോടെയാണ് ഉറ്റുനോക്കുന്നത്.
ടൂര്‍ണമെന്റില്‍ ആകെ 33 മത്സരങ്ങള്‍ ഉണ്ടാകും. ബാര്‍ബഡോസ് ട്രിഡന്റ്സ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, ജമൈക്ക തല്ലാവാസ്, സെന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സ്, സെന്റ് ലൂസിയ സൂക്സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് തുടങ്ങി ആറ് ടീമുകളാകും ലീഗില്‍ മാറ്റുരയ്ക്കുക.
സെപ്റ്റംബര്‍ 19നാണ് ഫൈനല്‍. ടൂര്‍ണമെന്റിലെ 33 മത്സരങ്ങളും ഒറ്റവേദിയിലാണ് നടക്കുക. 50 ശതമാനം കാണികള്‍ക്ക് പ്രവേശനമുണ്ടാകും. ഔദ്യോഗിക കണക്ക് അനുസരിച്ച് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലമാണ് സെയിന്റ് കിറ്റ്സ് & നെവിസ്.