റിയാദ്- സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ തീരുമാനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ സെകട്ടറി ഡോ. തലാല്‍ അല്‍ തുവൈരിജി.
ലോകത്തിന്റെ പലഭാഗത്തും മഹാമാരി ഏല്‍പിച്ചിരിക്കുന്ന ആഘാതങ്ങള്‍ കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. ബന്ധപ്പെട്ട അധികൃതര്‍ അന്താരാഷ്ട്ര സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ എല്ലാ വശങ്ങളും വിശദമായി പഠിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
റോട്ടാന ഖലീജിയ ടെലിവിഷന്‍ ചാനലിലെ പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അന്തിമ തീരുമാനം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങളെല്ലാം പരിഗണിക്കും. അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.
യാത്രക്കു മുമ്പ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന കാര്യത്തിലും പഠനം തുടരുകയാണെന്നും വിമാന സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പ് ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി.
വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കെ, അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് അദ്ദേഹം പറഞ്ഞു.