ലോക്ക്ഡൗണ്‍ ഭീതിയില്‍ രാജ്യം; നാട്ടിലേക്ക് മടങ്ങാന്‍ കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക്, നഗരങ്ങളില്‍ വന്‍ആള്‍ക്കൂട്ടം (വീഡിയോ)

0
681

ന്യൂഡല്‍ഹി: രണ്ടാമതും ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്ന ഭീതിയില്‍ മുംബൈയിലും ഡല്‍ഹിയിലും നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക് വര്‍ധിക്കുന്നു. ഡല്‍ഹിയില്‍ കുടിയേറ്റത്തൊഴിലാളികള്‍ മുഖ്യമായി ആശ്രയിക്കുന്ന ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍ നാട്ടിലേക്ക് ബസ് കാത്തുനില്‍ക്കുന്നവര്‍ കൂട്ടംകൂടുകയാണ്. മുംബൈയിലും സമാനമായ സാഹചര്യമാണ്. നാട്ടിലേക്ക് ബസും ട്രെയിനും കാത്തുനില്‍ക്കുന്നവരുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നുണ്ട്.

രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിരവധി കുടിയേറ്റത്തൊഴിലാളികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിയിരുന്നു. പിന്നീട് ആഴ്ചകള്‍ക്ക് ശേഷം ശ്രമിക് ട്രെയിനിലാണ് ഇവരെ നാട്ടില്‍ എത്തിച്ചത്.

രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് കുടിയേറ്റത്തൊഴിലാളികള്‍. ഇക്കുറി വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോകാതിരിക്കാനാണ് മുന്‍കരുതലിന്റെ ഭാഗമായി അവര്‍ നേരത്തെ തന്നെ നാട്ടിലേക്ക് പോകാന്‍ നോക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പലയിടങ്ങളിലും ഇതിനോടകം തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിചിച്ചിട്ടുണ്ട്. പ്രമുഖ നഗരങ്ങളിലെല്ലാം നൈറ്റ് കര്‍ഫ്യൂ ആയി. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കുമോ എന്ന ഭയത്തിലാണ് കുടിയേറ്റത്തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here