ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുമ്പോള്‍ സംസ്ഥാന ബി.ജെ.പിയ്‌ക്കെതിരെ ആര്‍.എസ്.എസ് നേതാവ്. രോഗവ്യാപനം തീവ്രമായിട്ടും ബി.ജെ.പി നേതാക്കളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എവിടേയും കാണുന്നില്ലെന്ന് ആര്‍.എസ്.എസ് നേതാവ് രാജിവ് തുലി പറഞ്ഞു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ദല്‍ഹിയില്‍ എല്ലായിടത്തും തീ പിടിക്കുകയാണ്. ഏതെങ്കിലും ദല്‍ഹിക്കാര്‍ ഇവിടത്തെ ബി.ജെ.പിയെ കണ്ടോ? എവിടെയാണ് ബി.ജെ.പി? സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടോ,’ തുലി ചോദിച്ചു.
ദല്‍ഹി ആര്‍.എസ്.എസ് മുന്‍ പ്രചാര്‍ പ്രമുഖാണ് തുലിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം തുലിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നാണ് ദല്‍ഹി ബി.ജെ.പി പ്രസിഡന്റ് ആദേഷ് ഗുപ്ത പറയുന്നത്. തുലിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി ഹര്‍ഷ് മല്‍ഹോത്രയും തയ്യാറായില്ല.
ഏപ്രില്‍ 21 മുതല്‍ പൊതുജനങ്ങള്‍ക്കായി രണ്ട് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തുറന്നുകൊടുത്ത് ബി.ജെ.പി കൊവിഡ് പ്രതിരോധത്തില്‍ സജീവമായുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.