കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. രണ്ടാം ഡോസ് വാക്സിനെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമില്ല. സ്പോട്ട് അലോട്ട്‌മെന്റുകൾ വഴി വാക്സിൻ നൽകണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശം നൽകി.
രണ്ടാംഡോസ് വാക്സിനുവേണ്ടി ഓൺലൈൻ രജിസ്ട്രേഷനിൽ സ്പോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. രണ്ടാംഡോസ് സ്പോട്ട് അലോട്ട്‌മെന്റാക്കിയെങ്കിലും ഒന്നാംഡോസ് വാക്സിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടരും.
ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്. കൂടാതെ ആശാവര്‍ക്കര്‍മാരുടെയും തദ്ദേശ ജീവനക്കാരുടെയും സഹായം ഇതിനായി പ്രയോജനപ്പെടുത്തും. ഇവരെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്പോട്ട് അലോട്ട്‌മെന്റ് നടത്തി വാക്സിൻ നൽകണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കണമെന്നും നിർദേശമുണ്ട്.
ആദ്യ ഡോസായി കൊവീഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് 6 മുതല്‍ 8 ആഴ്ചകള്‍ക്കിടയില്‍ രണ്ടാം ഡോസ് നല്‍കാനാണ് നിലവിലെ തീരുമാനം. അതോടൊപ്പം കൊവാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് നാല് മുതല്‍ ആറ് ആഴ്ചക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കും.
സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ നിലവിലുള്ള വാക്സിൻ സ്റ്റോക്ക് ഏപ്രിൽ 30-ന് ഉപയോഗിച്ച് തീർക്കണം. ബാക്കിവരുന്നവ മേയ് ഒന്നുമുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് 250 രൂപയ്ക്കുതന്നെ നൽകണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.