മലപ്പുറത്ത് ആരാധനാലയങ്ങളിലെ നിയന്ത്രണത്തിനെതിരെ മതസംഘടനകള്‍; ‘പ്രവേശനം അഞ്ച് പേര്‍ക്കായി ചുരുക്കിയത് കൂടിയാലോചനയില്ലാതെ’

0
351

മലപ്പുറം: മലപ്പുറത്ത് ആരാധനാലയങ്ങളിലെ നിയന്ത്രണത്തിനെതിരെ മതസംഘടനകള്‍. പ്രവേശനം അഞ്ച് പേര്‍ക്കായി ചുരുക്കിയത് കൂടിയാലോചനയില്ലാതെയാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കേരള മുസ്‌ലിം ജമാഅത്തും ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടമാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കൂടിയാലോചനയും മറ്റുമില്ലാതെ ജില്ലയിലെ എല്ലായിടത്തും ആരാധനാലയങ്ങള്‍ ഒട്ടും തന്നെ പ്രവര്‍ത്തിക്കാത്ത രൂപത്തിലുള്ള നിയന്ത്രണങ്ങള്‍ വിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍ കടുത്ത നിയന്ത്രണം പുന:പ്പരിശോധിക്കേണ്ടതാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി കലക്ടറോടാവശ്യപ്പെട്ട നിവേദനത്തില്‍ പറയുന്നു.

ആരാധനാലയങ്ങളുടെ വ്യാപ്തിക്കനുസരിച്ച് സാമൂഹ്യാകലം പാലിച്ച്, കഴിയാവുന്നത്ര ആളുകള്‍ക്കും ചെറിയ പള്ളികളില്‍ ഇതേ മാനദണ്ഡപ്രകാരം ഏറ്റവും ചുരുങ്ങിയത് 40 ആള്‍ക്കെങ്കിലും ആരാധനകളില്‍ പങ്കെടുക്കാനുള്ള അനുവാദം നല്‍കണമെന്നും നിവേദനത്തിലുണ്ട്.

മലപ്പുറം ജില്ലാ കലക്ടരുടെ തീരുമാനം അടിയന്തിരമായി പുനപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാരുമാണ് ആവശ്യപ്പട്ടത്.

മലപ്പുറത്ത് പതിനാറ് പഞ്ചായത്തുകളില്‍ കൂടി ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പത് ശതമാനത്തിനു മേലെ ഉള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ ഉള്‍പ്പെടെ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയയാിരുന്നു. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്.

ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 2,776 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 378 പേര്‍ക്ക് രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 2,675 പേര്‍ക്കും ഉറവിടമറിയാത്ത 60 പേര്‍ക്കുമാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 15,221 ആണ്. നിരീക്ഷണത്തിലുള്ളത് 30,484 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here