തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്‌റഫ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച മണ്ഡലം എന്ന നിലയില്‍ ഇത്തവണയും ഈ മണ്ഡലം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നുണ്ടായത്. ഇതിനായാണ് മഞ്ചേശ്വരം സ്വദേശിയായ എ.കെ.എം. അഷറഫ് എന്ന യുവ പോരാളിയെ ലീഗ് മത്സരത്തിന് ഇറക്കിയത്. കോണ്‍ഗ്രസ്-ലീഗ് വോട്ടുകള്‍ പെട്ടിയിലാക്കുകയും പ്രദേശവാസി എന്ന നിലയില്‍ ഭാഷാന്യൂനപക്ഷ വോട്ടുകളുമാണ് യു.ഡി.എഫിന്റെ ലക്ഷ്യമിട്ടിരുന്നത്.
2006ല്‍ നേടിയ വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ല. 2011, 2016, 2019 ഉപതിരഞ്ഞെടുപ്പ് മൂന്നിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനായിരുന്ന വി.വി. രമേശനെയാണ് ഇത്തവണ എല്‍ഡിഎഫ് കളത്തിലിറിക്കിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി.