മംഗലാപുരം ബോട്ടപകടത്തിൽ കാണാതയ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്‌നാട് സ്വദേശികളെയും മൂന്ന് ബംഗാൾ സ്വദേശികളെയുമാണ് കണ്ടെത്താനുള്ളത്. കപ്പലിടിച്ച് ആഴക്കടലിൽ മുങ്ങിപ്പോയ മീൻപിടുത്ത ബോട്ടിന്റെ ഉൾവശം പൂർണമായും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പരിശോധിച്ചു. എന്നാൽ ബോട്ടിനുള്ളിൽ നിന്ന് മൂന്നു പേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചത്.
ഈ മാസം പന്ത്രണ്ടിന് അർധരാത്രിയിലാണ് വിദേശ ചരക്കുകപ്പലിടിച്ച് കോഴിക്കോട് ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ട് തകർന്നത്. അപകടത്തിൽപ്പെട്ട ആറു പേരുടെ മൃതദേഹങ്ങൾ ലഭിക്കുകയും രണ്ടു പേരെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ബോട്ടുമായി കൂട്ടിയിടിച്ച എപിഎൽ ലി ഹാവ്‌റെ എന്ന സിംഗപ്പൂർ ചരക്കു കപ്പൽ മംഗാലാപുരം തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്. മർക്കന്റൈൽ മറൈൻ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.