കാസർകോട്: ഒരു വർഷത്തിലധികമായി അടച്ച് പൂട്ടിയ ഭെൽ ഇ.എം.എൽ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാനും രണ്ടര വർഷത്തിലധികമായി ശമ്പളമില്ലാതെ പട്ടിണിയിലായ ജീവനക്കാരെ സംരക്ഷിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് യോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് അംഗവും എസ്.ടി.യു നേതാവുമായ ഗോൾഡൻ അബ്ദുൾ റഹ്മാൻ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനയാണ് യോഗം അംഗീകരിച്ചത്.
പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പ്രമേയത്തിൻ്റെ പൂർണ്ണരൂപം:
കാസർകോട് ജില്ലയിലെ മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഭെൽ ഇ.എം.എൽ എന്ന വ്യവസായ സ്ഥാപനം അടച്ച് പൂട്ടിയിട്ട് ഒരു വർഷവും ഒരു മാസവും കഴിഞ്ഞു.
അവിടെ ജോലി ചെയ്ത് വന്നിരുന്ന 185 ജീവനക്കാർക്ക് 29 മാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കമ്പനിയുടെ ഓഹരി കൈമാറ്റത്തിന് കേന്ദ്ര സർക്കാർ അന്തിമ അനുമതി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഓഹരി കൈമാറാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപ്പിലാക്കിയിട്ടില്ല.
കമ്പനിയിലെ മുഴുവൻ യൂണിയനുകളുടെയും നേതൃത്വത്തിൽ ജീവനക്കാർ ജീവിക്കാൻ വേണ്ടിയുള്ള സമരത്തിലാണ്. ജനുവരി 12 ന് ആരംഭിച്ച സമരം ഇന്ന് 107 ദിവസം പിന്നിടുകയാണ്. 20 കോടി രൂപ മുതൽ മുടക്കിൽ 1990 ൽ ആരംഭിച്ച ജില്ലയുടെ അഭിമാനമായിരുന്ന വ്യവസായ സ്ഥാപനം തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കയാണ്.
സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കാനും കമ്പനി ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും, ഭെൽ അധികൃതരോടും ഈ യോഗം ആവശ്യപ്പെടുന്നു.