ഭരണാധികാരം ഉറപ്പിക്കുക തെക്കൻ ജില്ലകൾ; 39 മണ്ഡലങ്ങളിൽ യുഡിഎഫിനൊപ്പം അ‍ഞ്ച്

0
195

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ തെക്കൻ കേരളത്തിലെ ജില്ലകൾ അധികാരം നിർണയിക്കാനുള്ള സാധ്യതയേറി. വിവാദങ്ങൾ, പുതുമുഖ സ്ഥാനാർഥികൾ, പ്രമുഖ സ്ഥാനാർഥികളുടെ അസാന്നിധ്യം തുടങ്ങിയ ഘടകങ്ങൾ തെക്കൻ ജില്ലകളിൽ രാഷ്ട്രീയ ന്യൂനമർദം രൂപപ്പെടുത്തുന്നു.

എതിരാളികളുടെ അവകാശവാദങ്ങൾ ദുർബലമാകുമെന്നു തെക്കൻ ജില്ലകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തി തെളിയിച്ച എൽഡിഎഫ് വിശ്വസിക്കുന്നു. വിവാദങ്ങൾ വീശിയടിക്കുമെന്നും പുതുമുഖ സ്ഥാനാർഥികൾ കളം പിടിച്ചതോടെ എൽഡിഎഫ് കോട്ടകൾ തകരുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 39 മണ്ഡലങ്ങൾ. തിരുവനന്തപുരം 14, കൊല്ലം 11, പത്തനംതിട്ട 5, ആലപ്പുഴ 9. നിലവി‍ൽ തിരുവനന്തപുരത്തെ മൂന്നു സീറ്റും ആലപ്പുഴയിലെ രണ്ടു സീറ്റുമാണ് യുഡിഎഫ് അക്കൗണ്ടിൽ. തെക്കൻ കേരളത്തിൽ ഇത്തവണ സീറ്റുകൾ ഉയരുമെന്നും മറ്റിടങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്തിയാൽ അധികാരത്തിലേറാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങളിലൂടെയുണ്ടാകുന്ന തരംഗമാണു എൽഡിഎഫ് പ്രതീക്ഷ.

∙ തിരുവനന്തപുരം: 14 മണ്ഡലങ്ങളിൽ അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളാണ് യുഡിഎഫിനുള്ളത്. നേമത്തു ബിജെപിയും മറ്റിടങ്ങളിൽ എൽഡിഎഫും. മൂന്നു മണ്ഡലങ്ങൾ നിലനിർത്താനും പാറശാലയും നെയ്യാറ്റിന്‍കരയും പിടിച്ചെടുക്കാനും കഴിയുമെന്നു യുഡിഎഫ് വിശ്വസിക്കുന്നു. നേമത്ത് കനത്ത മത്സരമെന്നും വിലയിരുത്തൽ. 10 മണ്ഡലങ്ങൾ നിലനിർത്തുന്നതിനൊപ്പം തിരുവനന്തപുരവും നേമവും പിടിച്ചെടുക്കാമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

∙ കൊല്ലം: സീറ്റുകളൊന്നുമില്ലാത്ത ജില്ലയില്‍ ആഴക്കടൽ മത്സ്യബന്ധന വിവാദവും സ്ഥാനാർഥി നിർണയത്തിലെ മികവും തുണയാകുമെന്നു യുഡിഎഫ് കരുതുന്നു. ചവറ ഉറപ്പിക്കുകയും കരുനാഗപ്പള്ളി, കുന്നത്തൂർ, ഇരവിപുരം സീറ്റുകളിൽ ജയിക്കാനാകുമെന്നു ‌പ്രതീക്ഷിക്കുകയും ചെയ്യുന്നു. കൊല്ലത്തും കുണ്ടറയിലും കടുത്ത മത്സരത്തിന്‍റെ അന്തരീക്ഷമുണ്ട്.

എൻ.വിജയൻപിള്ളയുടെ നിര്യാണത്തെത്തുടർന്ന് മകന്‍ സുജിത്താണ് ചവറയിൽ എൽഡിഎഫ് സ്ഥാനാർഥി. സ്ഥാനാർഥി പുതുമുഖമായത് ഷിബു ബേബി ജോണിന് അനുകൂലമാണെന്നു യുഡിഎഫും, വികസന പ്രവർത്തനങ്ങളും സ്ഥാനാർഥിയുടെ വ്യക്തിബന്ധങ്ങളും തുണയാകുമെന്ന് എൽഡിഎഫും പ്രതീക്ഷിക്കുന്നു. കരുനാഗപ്പള്ളിയിൽ 1759 വോട്ടിനാണ് സി.ആർ.മഹേഷ് സിപിഐയിലെ ആർ.രാമചന്ദ്രനോട് തോറ്റത്.

വീണ്ടും ഇരുവരും മത്സരിക്കുമ്പോൾ മണ്ഡലത്തിലെ വ്യക്തിബന്ധം തുണയാകുമെന്നു സി.ആർ.മഹേഷ് കരുതുന്നു. വികസനമാണ് എതിരാളിയുടെ പ്രചാരണ ആയുധം. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോന്റെ പാർട്ടിയിലെയും എൽഡിഎഫിലെയും പ്രശ്നങ്ങൾ ഉല്ലാസ് കോവൂരിന്റെ ജയം ഉറപ്പിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

ഇരവിപുരത്ത് എൽഡിഎഫിലെ പ്രശ്നങ്ങളും സമുദായ സമവാക്യങ്ങളും ബാബു ദിവാകരന് അനുകൂല ഘടകമായേക്കാം. സിറ്റിങ് എംഎൽഎ നൗഷാദാണ് എൽഡിഎഫ് സ്ഥാനാർഥി. കുണ്ടറയിലും കൊല്ലത്തും മേഴ്സിക്കുട്ടിയമ്മയെയും മുകേഷിനെയും അട്ടിമറിക്കാൻ വിഷ്ണുനാഥിനും ബിന്ദു കൃഷ്ണയ്ക്കും കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്. ജില്ല കഴിഞ്ഞ തവണത്തെപോലെ ഉറച്ചു നിൽക്കുമെന്ന് എൽഡിഎഫ് പറയുന്നു.

∙ ആലപ്പുഴ: ഹരിപ്പാടും അരൂരും യുഡിഎഫ് സിറ്റിങ് സീറ്റുകൾ. ചേർത്തല, കുട്ടനാട്, കായംകുളം സീറ്റുകൾ പിടിച്ചെടുക്കാമെന്നാണ് ആത്മവിശ്വാസം. തോമസ് ഐസക്കും ജി.സുധാകരനും ഒഴിഞ്ഞതോടെ ആലപ്പുഴയിലും അമ്പലപ്പുഴയിലും കടുത്ത മത്സരമെന്ന പ്രതീതി. ചേർത്തലയിൽ എസ്.ശരത്തിലാണ് യുഡിഎഫ് പ്രതീക്ഷ. പി.പ്രസാദാണ് സിപിഐ സ്ഥാനാർഥി.

കുട്ടനാട്ടിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ജേക്കബ് എബ്രാഹാമിനു മേൽക്കൈ ഉണ്ടെന്നു മുന്നണി അവകാശപ്പെടുന്നു. തോമസ് കെ.തോമസാണ് എൽഡിഎഫ് സ്ഥാനാർഥി. കായംകുളത്ത് യു.പ്രതിഭയ്ക്കെതിരെ അരിത ബാബു വന്നതോടെ മത്സരം കടുത്തു. അരൂർ പിടിച്ചെടുത്ത് എൽഡിഎഫ് നില മെച്ചപ്പെടുത്തുമെന്നാണ് നേതൃത്വം പറയുന്നത്. മുതിർന്ന നേതാക്കൾ മത്സരിക്കാത്തത് ജയത്തെ ബാധിക്കുമെന്ന വാദം തള്ളിക്കളയുന്നു.

∙ പത്തനംതിട്ട: 5 സീറ്റുകളിലും എൽഡിഎഫ്. കോന്നി റോബിൻ പീറ്ററിലൂടെ തിരിച്ചു പിടിക്കാമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. ആറൻമുളയിൽ ശിവദാസൻ നായരിലൂടെ അട്ടിമറി പ്രതീക്ഷിക്കുന്നു. 5 സീറ്റും നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.

LEAVE A REPLY

Please enter your comment!
Please enter your name here