കൊച്ചി: പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കുകയാണെന്ന് അറിയിച്ച യുവാവിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. നടപടികള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പെണ്‍കുട്ടിയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് യുവാവിനെതിരായ കേസും കുറ്റപത്രവും കോടതി റദ്ദാക്കിയത്.
ദമ്പതിമാരുടെ ക്ഷേമവും ഇതിന്റെപേരില്‍ പൊതുതാത്പര്യം ലംഘിക്കപ്പെടുന്നില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. ഇത്തരം വിഷയങ്ങള്‍ മുന്നിലെത്തുമ്പോള്‍ പ്രായോഗികമായ നിലപാടാണ് കോടതി സ്വീകരിക്കേണ്ടതെന്ന സുപ്രിം കോടതിയുടെ നിര്‍ദേശവും കോടതി കണക്കിലെടുത്തു.
2019 ഫെബ്രുവരി 20 നാണ് പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരില്‍ 22 കാരനെതിരം തൃശൂരിലെ കൊടകര പൊലിസാണ് കേസെടുത്തത്. എന്നാല്‍ 2020 നവംബര്‍ 16 ന് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് കേസ് റദ്ദാക്കാന്‍ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.