ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത് സ്വാഗതാര്‍ഹം; കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് ഒപ്പം നില്‍ക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് രമേശ് ചെന്നിത്തല

0
289

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നല്‍കാമെന്ന് യു.ഡി.എഫിലെ ഘടകകക്ഷികളും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി കെ.പി.സി.സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കണമെന്നും വാക്‌സിന്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുളള പണം വകയിരുത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും അേദ്ദഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയപാര്‍ട്ടികളേയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും വെറുതെ ബഡായി അടിക്കുന്നവരായി സര്‍ക്കാര്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷയെന്നും ജനങ്ങളെല്ലാവരും കൊവിഡിനെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. എന്നാല്‍, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയ്‌ക്കെതിരെയും പുതിയ വാക്‌സിന്‍ നയത്തിനെതിരെയും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കൊവിഡ് പ്രതിരോധത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെച്ച് കേന്ദ്രം ഒളിച്ചോടുകയാണെന്നും ഒരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്‌സിന്‍ നയം തിരുത്തണമെന്നും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സീന്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാതിരുന്നതിന്റെ തിക്ത ഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദയനീയ അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ഒരു ആപത്ഘട്ടത്തില്‍ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണ കൂടത്തിന്റെയും അടിസ്ഥാന കടമ. ആ കടമ നിറവേറ്റാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here