കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാവില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പിഎംഎ സലാം. ലീഗ് 24 സീറ്റില്‍ വിജയിക്കുമെന്നും താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ സീറ്റുകള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം. യുഡിഎഫ് 85 സീറ്റിലധികം നേടി ഭരത്തിലെത്തുമെന്നും ലീഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പിഎംഎ സലാമിന്റെ പ്രതികരണം–
‘മുഴുവന്‍ സീറ്റിലും വിജയിക്കണമെന്നാണ് ആഗ്രഹം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടോ മൂന്നോ സീറ്റ് ഒഴികെ ബാക്കിയെല്ലാം കിട്ടും.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുകിട്ടും. അതില്‍ ഒന്ന് താനൂരാണ്. താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ സീറ്റുകളില്‍ വിജയം ഉറപ്പ്.
ഗുരുവായൂരിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ മനസറിഞ്ഞ് ഏറ്റെടുത്തിട്ടുണ്ട്. അത് ഫലം വരുമ്പോള്‍ മനസിലാവും. കേരളത്തിലെ പ്രാമുഖ്യവും ഭരണവും നഷ്ടപ്പെടുമെന്ന് മനസിലാക്കി, മുസ്ലീം ലീഗിനെ പോലൊരു പാര്‍ട്ടിയെ കൂടാതെ നിലനില്‍പ്പില്ലെന്ന് മനസിലാക്കിയാണ് സിപിഐഎം ലീഗിനെ ക്ഷണിച്ചത്. എന്നാല്‍ ആ ക്ഷണം വൃഥാവിലാണ്.
മഞ്ചേശ്വരത്തും കാസര്‍ഗോഡും ലീഗ് വിജയിക്കുക തന്നെ ചെയ്യും. സിപിഐഎം -ബിജെപി അന്തര്‍ധാരയുണ്ടെങ്കിലും മഞ്ചേശ്വരത്ത് തോല്‍ക്കുമെന്ന് ഭയമില്ല. കേരളത്തില്‍ ആകമാനമുള്ളതാണ് സിപി ഐഎം-ബിജെപി അന്തര്‍ധാര. എങ്കില്‍ പോലും യുഡിഎഫ് വിജയിക്കും. യുഡിഎഫിന് 85 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും.’