താനൂരില്‍ പി. കെ ഫിറോസിനൊപ്പം റോഡ് ഷോയില്‍ കത്‌വാ കേസ് അഭിഭാഷക ദീപികാ സിംഗ് രജാവത്തും

0
967

മലപ്പുറം: താനൂരില്‍ പി. കെ ഫിറോസിന് വോട്ട് തേടി കത്‌വ കേസിലെ അഭിഭാഷകയായിരുന്ന ദീപികാ സിംഗ് രജാവത്ത്. ഫിറോസിനൊപ്പം ദീപികാ സിംഗ് റോഡ് ഷോയില്‍ പങ്കെടുക്കുകയും ചെയ്തു.

ദീപികാ സിംഗ് രജാവത്തിനൊപ്പം റോഡ് ഷോ നടത്തുന്ന ചിത്രം പി കെ ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

‘താനൂരില്‍ ജനഹൃദയങ്ങളില്‍ ആവേശം നിറച്ച യു.ഡി.വൈ.എഫ് യുവജന റാലിയില്‍ സുപ്രീം കോടതിയിലെ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ അഡ്വ ദീപിക സിംഗ് രജാവത്തിനൊപ്പം,’ എന്ന കുറിപ്പോടെയായിരുന്നു ഫിറോസ് ചിത്രം പങ്കുവെച്ചത്.

പി. കെ ഫിറോസിനെതിരായ കത്‌വ ഫണ്ട് തിരിമറി ആരോപണം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കത് വയില്‍ ബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി പിരിച്ചെടുത്ത തുക യൂത്ത് ലീഗ് അധ്യക്ഷന്‍ പി. കെ ഫിറോസ് വകമാറ്റിയെന്നായിരുന്നു പരാതി.

എന്നാല്‍ കത്‌വ കേസുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത തുക ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കുമായി നല്‍കിയെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചിരുന്നെങ്കിലും ഇതിനെ തള്ളി ദീപികാ സിംഗ് രജാവത്ത് രംഗത്തെത്തിയിരുന്നു.

താന്‍ കത്‌വ കേസ് പൂര്‍ണമായും പണം വാങ്ങാതെയാണ് നടത്തിയതെന്നും കേരളത്തില്‍ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു ദീപിക പറഞ്ഞത്.

എന്നാല്‍ ദീപികയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നായിരുന്നു ലീഗ് നേതൃത്വം ഇതിന് മറുപടിയായി പറഞ്ഞത്. തനിക്കെതിരായ ആരോപണം തള്ളി ഫിറോസും രംഗത്തെത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here