ദോഹ: ഇന്ത്യക്കാരുള്‍പ്പെടെ ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഏപ്രില്‍ 25 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് തീരുമാനമെടുത്തത്.
അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഖത്തറിലെത്തി ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. കൊവിഡ് ഭേദമായ ശേഷം ഖത്തറിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. രോഗമുക്തി നേടിയതിന്റെ ലബോറട്ടറി ഫലം ഹാജരാക്കിയാല്‍ മതിയാകും.
ക്വാറന്റീന്‍ ഇളവ് ലഭിക്കുന്ന കൊവിഡ് മുക്തരായവര്‍ കൊവിഡ് പോസിറ്റീവായ ആളുകളുമായി സമ്ബര്‍ക്കത്തില്‍ വന്ന് 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് പിസിആര്‍ പരിശോധന നടത്തുകയും വേണം.