കോവിഡ്: വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രം

0
459

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വൈറസ് എയറോസോളിന്റെ രൂപത്തില്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ടെന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഇത് വീട്ടിലിരിക്കേണ്ട സമയമാണെന്നും ആരെയും ക്ഷണിച്ചുവരുത്തരുതെന്നും അനാവശ്യമായി പുറത്ത് ഇറങ്ങരുതെന്നും നിതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി കൂടിയാണ് വി.കെ. പോള്‍.

കുടുംബത്തില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ വീടിനുള്ളിലും അവര്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും വൈറസ് ബാധയുണ്ടായേക്കാം. കോവിഡ് ബാധിതരില്ലെങ്കില്‍ കൂടിയും വീടിനുള്ളില്‍ എല്ലാവരും മാസ്‌ക് ധരിക്കേണ്ട സമയമായിക്കഴിഞ്ഞു- പോള്‍ കൂട്ടിച്ചേര്‍ത്തു.

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നായിരുന്നു ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണം. രോഗബാധിതനായ വ്യക്തി മാസ്‌ക് ധരിച്ചേ മതിയാകൂ. ബാക്കിയുള്ളവര്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴും മാസ്‌ക് ധരിക്കണം. രോഗബാധിതനായ ആള്‍ക്ക് പ്രത്യേകം മുറി നല്‍കണം- അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനശേഷി മുന്‍പത്തേക്കാള്‍ ഏറെ വര്‍ധിച്ചിരിക്കുന്നെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗബാധയുടെ കണ്ണിപൊട്ടിക്കുന്നതിന്റെ ഭാഗമായി കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഉടന്‍ ഐസൊലേഷനില്‍ പോകണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here